നിലവില്‍ വാക്സിന്‍ എടുക്കുക എന്നത് തന്നെയാണ് കൊവിഡ് പ്രതിരോധത്തിനായി ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. എന്നാല്‍ വാക്സിന്‍ എടുത്തതിന് ശേഷവും കൊവിഡ് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട് .വലിയൊരു പരിധി വരെ രോഗത്തെ ചെറുക്കാനും, രോഗം ബാധിച്ചാല്‍ തന്നെ അതിന്റെ തീവ്രത കുറയ്ക്കാനുമെല്ലാം വാക്സിന്‍ സഹായിക്കും.
വാക്സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് പിടിപെടുന്നവരില്‍ വലിയൊരു വിഭാഗം പേരും രോഗപ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നവരാകാം. ആകെ ആരോഗ്യം ദുര്‍ബലമായിരിക്കുന്നവര്‍, മറ്റെന്തെങ്കിലും അസുഖങ്ങള്‍ ബാധിച്ചവര്‍ (ഉദാ: ക്യാന്‍സര്‍) എന്നിവരിലെല്ലാം പ്രതിരോധശക്തി കുറവായിരിക്കും. ഇത്തരക്കാര്‍ ആണെങ്കില്‍ വാക്സിനെടുത്ത ശേഷവും രോഗം വരാന്‍ സാധ്യതകളേറെയാണ്.
അതിനാല്‍ ഇവര്‍ കൂടുതല്‍ ജാഗ്രത പാലിച്ചേ മതിയാകൂ.പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും മറ്റ് അസുഖങ്ങള്‍ മൂലം പ്രതിരോധശക്തി ദുര്‍ബലമായവരിലുമെല്ലാം പ്രത്യേകമായി അധിക ഡോസ് വാക്സിന്‍ നല്‍കുന്നതിനെ കുറിച്ച് പഠനങ്ങള്‍ നടന്നുവരികയാണ്. നിലവില്‍ എല്ലാവര്‍ക്കും ഒരേ രീതിയിലാണ് വാക്സിന്‍ നല്‍കിവരുന്നത്.
വാക്സിന്‍ എടുത്തു എന്ന ആത്മവിശ്വാസത്തില്‍ ആള്‍ക്കൂട്ടങ്ങളില്‍ കാര്യമായി പങ്കെടുക്കുന്ന പ്രവണതയുണ്ട്. എന്നാല്‍ ഈ രിതി ഒട്ടും സുരക്ഷിതമല്ലെന്ന് തിരിച്ചറിയുക. വാക്സിനെടുത്താലും ആദ്യം സൂചിപ്പിച്ചത് പോലെ വീണ്ടും രോഗം വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ ആള്‍ക്കൂട്ടങ്ങള്‍ അതിന് കൂടുതല്‍ അനുകൂലമായ സാഹചര്യങ്ങളാണ് ഒരുക്കുക.
സുഹൃത്തുക്കളുമായോ പ്രിയപ്പെട്ടവരുമായോ കൂടുകയാണെങ്കില്‍ തന്നെ, അത് ചെറുതും തമ്മില്‍ അറിയാവുന്നവരുടെതുമായ കൂട്ടം ആണെന്ന് ഉറപ്പുവരുത്തുക വാക്സിന്‍ എടുത്തവര്‍ മാത്രം കൂടുകയാണെങ്കില്‍ അത് അത്രയും നല്ലത്. അതുപോലെ അകത്ത് കൂടുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് തുറസായ സ്ഥലങ്ങളില്‍ കൂടുന്നതാണ്.
യാത്രകള്‍ പരമാവധി ഒഴിവാക്കുന്നത് തന്നെയാണ് വാക്സിനേഷന് ശേഷവും നല്ലത്. പ്രത്യേകിച്ച് പുറംരാജ്യങ്ങളിലേക്കുള്ള യാത്രകള്‍. നമ്മുടെ നാട്ടില്‍ തന്നെ വ്യാപകമായിരുന്ന പല വൈറസ് വകഭേദങ്ങളും പുറംനാടുകളില്‍ വ്യാപകമാകുന്നത് ഇപ്പോഴായിരിക്കും. വീണ്ടും അവിടങ്ങളിലേക്ക് പോകുന്നത് രോഗസാധ്യത കൂട്ടാം.
Post Your Comments