തിരുവനന്തപുരം: സുപ്രീം കോടതിയില്‍ കെ.എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. വിവാദത്തിന് പിന്നില്‍ മാധ്യമങ്ങളിലെ വാര്‍ത്താനിര്‍മ്മാണ വിദഗ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ നടന്നത് മാണിക്കെതിരായ സമരമല്ലെന്നും അത് യുഡിഎഫിന് എതിരായ സമരമായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.
കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ് ഉണ്ടായതെന്ന് വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ ആശയക്കുഴപ്പമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഇത്തരം വാര്‍ത്താ നിര്‍മ്മിതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ തരം അഴിമതിയുടെയും കേന്ദ്രമാണ് യുഡിഎഫ് എന്നും എ.വിജയരാഘവന്‍ ആരോപിച്ചു.
അതേസമയം, ജോസ് കെ. മാണി എല്‍ഡിഎഫിലേക്ക് ചേക്കേറിയപ്പോള്‍ കെ.എം മാണിക്കെതിരെ ഇടത് മുന്നണി സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കാള്‍ പരിഹസിച്ചിരുന്നു. ഇപ്പോള്‍ അതേ എല്‍ഡിഎഫ് തന്നെ കെ.എം മാണിയെ വീണ്ടും അഴിമതിക്കാരനാക്കിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിന് കെ.എം മാണിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കില്‍ ഒരു രാഷ്ട്രീയ തീരുമാനം എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
Post Your Comments