തിരുവനന്തപുരം; സംഘപരിവാര്‍ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയാണ് ജെസ്യൂട്ട് പുരോഹിതന്‍ സ്റ്റാന്‍ ലൂര്‍ദ്ദ് സ്വാമിയുടെ മരണമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. തെറ്റായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് തടങ്കലില്‍ ആക്കപ്പെട്ട
അദ്ദേഹത്തോട് നീതി പീഠവും ദയ കാട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചത്.
Read ALSO : ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം നമ്മുടെ ഭരണകൂടം നടത്തിയ കരുണയില്ലാത്ത കൊലപാതകമാണെന്ന് എം.എ.ബേബി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
അര നൂറ്റാണ്ടുകാലു കാലം ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമി ചെയ്ത കുറ്റമെന്തായിരുന്നു? ജയിലില്‍ ചികിത്സ മാത്രമല്ല, വിറക്കുന്ന കൈകള്‍ കൊണ്ട് ഗ്ലാസ് ഉയര്‍ത്തി വെള്ളം കുടിക്കാന്‍ കഴിയാതായപ്പോള്‍ സ്‌ട്രോ പോലും അധികൃതര്‍ നിഷേധിച്ചു. നമ്മുടെ കോടതിക്ക് 50 ദിവസം വേണ്ടി വന്നു ജയിലധികൃതരെ കൊണ്ട് സ്‌ട്രോ ലഭ്യമാക്കണമെന്ന അപേക്ഷ സ്വീകരിപ്പിക്കാന്‍. പിശാചുക്കള്‍ പോലും ചെയ്യാനറയ്ക്കുന്ന ക്രൂരത. കണ്‍മുന്നിലിരിക്കുന്ന ദാഹജലം ഒരിറക്കു കുടിക്കാന്‍ കഴിയാതെ ഒരു മനുഷ്യജീവി മരണപ്പിടച്ചില്‍ പിടയുന്നത് കണ്ടു നില്‍ക്കുന്ന അധികാരികളും ഭരണ സംവിധാനവും. ഈ ക്രൂരതയ്ക്ക് ദയാശൂന്യരായ ഏകാധിപതികളുടെ ചരിത്രത്തില്‍പ്പോലും സമാനതകളില്ല.
മഹത്തായ പാരമ്പര്യത്തിന്റെയും ഔന്നത്യത്തിന്റെയും അവസാന കണികയും ചോര്‍ന്നു പോകുന്ന ദൗര്‍ഭാഗ്യത്തിന്റെ ഇരയാണ് ഇന്ത്യ. വരിയുടയ്ക്കകപ്പെട്ട നീതിബോധം സൃഷ്ടിച്ച രക്തസാക്ഷിയാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. ഈ പാതകത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടത് നാമോരോരുത്തരുമാണ്. നമ്മുടെ നിശബ്ദതയും ഈ നരാധമന്മാര്‍ക്ക് വളമായിട്ടുണ്ട്.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആണ് ജസ്യൂട്ട് സഭ ഏറ്റവും വലിയ സംഭാവന നല്‍കിയിട്ടുള്ളത്. എഴുപതുകളില്‍ വിമോചന ദൈവ ശാസ്ത്രത്തിന്റെ ചിന്താ സരണികളിലേക്ക് ഒട്ടേറെ ജസ്യൂട്ട് സഭാംഗങ്ങള്‍ തിരിഞ്ഞു.
സ്റ്റാന്‍ സ്വാമി തിയോളജി പഠനകാലത്ത് തന്നെ ഈ ആദര്‍ശക്കാരനായി. അങ്ങിനെ ഇന്ത്യയില്‍ അദ്ദേഹം ആദിവാസിമേഖല തന്റെ പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുത്തു ഏത് പരിഷ്‌കൃത ജനതയും ആദരവോടെയാണ് ആ പ്രവര്‍ത്തനങ്ങളെ അഭിസംബോധന ചെയ്യുക. എന്നാല്‍ സംഘപരിവാറുകാര്‍ക്ക് അത്തരം മനുഷ്യ സഹജ വികാരങ്ങളില്ല. അതു കൊണ്ടാണവര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പകയോടെ കാണുന്നത്. ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്നവര്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയ്ക്ക് ദാഹജലം നിഷേധിച്ച് മരണം വിധിച്ചു.നന്മയും നീതിയും ഉയര്‍ത്തി പിടിച്ചതിനാണ് ഈ വന്ദ്യ പുരോഹിതന്‍ രക്തസാക്ഷിയായതെന്നും’ – തോമസ് ഐസക് ചൂണ്ടിക്കാട്ടി.
Post Your Comments