ന്യൂഡല്‍ഹി: ആശുപത്രി ഐസിയുവില്‍ രോഗി മരിച്ച സംഭവത്തില്‍ ദുരൂഹത. ഐസിയുവില്‍ ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെയാണ് 29കാരിയായ റോസി സംഗ്മ മരിച്ചത്. ഇതിന് പിന്നാലെ റോസിയുടെ ബന്ധുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി.
ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് റോസി മരിച്ചത്. തൊട്ടടുത്ത ദിവസമാണ് റോസിയുടെ ബന്ധുവായ സാമുവല്‍ സംഗ്മയെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ രണ്ട് മരണങ്ങളും ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഡല്‍ഹി പോലീസിന്റെയും ഗുരുഗ്രാം ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണം പുരോഗമിക്കുകയാണ്.
ജൂണ്‍ 23നാണ് ശരീര വേദനയെ തുടര്‍ന്ന് റോസിയെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മോശമായതോടെ റോസിയെ തൊട്ടടുത്ത ദിവസം രാവിലെ ഗുരുഗ്രാമിലെ ആല്‍ഫ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് റോസിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും പിന്നീട് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെയാണ് റോസി മരിച്ചതെന്നും ആരോപിച്ച് സാമുവല്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചിരുന്നു. വീഡിയോ ചിത്രീകരിച്ചതിന് ആശുപത്രി അധികൃതര്‍ തന്നെ മര്‍ദ്ദിച്ചെന്നും സാമുവല്‍ ആരോപിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് സാമുവലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം, സാമുവലിന്റെ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. സാമുവലിന്റെ മരണം ആത്മഹത്യയാണെന്ന പോലീസിന്റെ നിഗമനം തെറ്റാണെന്നും മരണം കൊലപാതകമാണെന്നും സാമുവലിന്റെ പിതാവ് പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മേഘാലയയില്‍ നിന്നുള്ള എം.പി അഗാത സംഗ്മ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.
Post Your Comments