ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം ആശ്വാസകരമായ രീതിയില്‍ കുറയുകയാണ്. മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് നിരവധി പഠന റിപ്പോര്‍ട്ടുകളും നിരീക്ഷണങ്ങളും പുറത്തുവരുന്നുണ്ട്. എസ്ബിഐയുടെ ഗവേഷണ റിപ്പോര്‍ട്ടാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്.
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് എസ്ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ കോവിഡ് വ്യാപനം മൂര്‍ധന്യാവസ്ഥയിലെത്തും. ജൂലൈ രണ്ടാം വാരത്തില്‍ നിലവിലെ പ്രതിദിന കേസുകളുടെ എണ്ണം 10,000ത്തിലേയ്ക്ക് ചുരുങ്ങുമെന്നും ഓഗസ്റ്റില്‍ വീണ്ടും രോഗികളുടെ എണ്ണം ഉയരാനാണ് സാധ്യതയെന്നും എസ്ബിഐ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗം മെയ് 7നാണ് രൂക്ഷമായതെന്നും എസ്ബിഐ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയില്‍ പുതുതായി 39,796 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ 42,352 പേര്‍ രോഗമുക്തി നേടി. 723 പേര്‍ മരിച്ചു. നിലവില്‍ 4.82 ലക്ഷം ആളുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രാജ്യത്ത് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം 35 കോടി കടന്നിരുന്നു.
Post Your Comments