ബ്രസീലിയ: കോപ അമേരിക്കയിലെ ആദ്യ സെമി ഫൈനൽ നാളെ ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ പെറുവിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 4.30 നാണ് മത്സരം ആരംഭിക്കുന്നത്. മുൻ ചാമ്പ്യന്മാരായ ചിലിയെ ഒരു ഗോളിന് തകർത്താണ് ബ്രസീൽ സെമിയിൽ കടന്നത്. അതേസമയം, ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിനെ നാലു ഗോളിന് തകർത്ത ആത്മവിശ്വാസവുമായാണ് ബ്രസീൽ ഇറങ്ങുക.
ബ്രസീൽ ചാമ്പ്യന്മാരായ 2019ലെ ഫൈനലിൽ പെറുവായിരുന്നു എതിരാളികൾ. അന്ന് ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. ഈ മികവ് ആവർത്തിക്കാനാകും ടിറ്റെയുടെ ബ്രസീൽ ശ്രമിക്കുക. നെയ്മറും റിച്ചാർലിസണും കാസിമിറോയും ഫ്രെഡുമെല്ലാം പതിവ് ഫോമിലേക്കുയർന്നാൽ ബ്രസീലിന്റെ മുന്നേറ്റനിരയെ പിടിച്ചുകെട്ടാൻ പെറു അല്പം ബുദ്ധിമുട്ടും.
Read Also:- ആ താരത്തെ വിളിക്കുന്നത് മറ്റ് താരങ്ങളെ അപമാനിക്കുന്നതിന് തുല്യം: കപിൽ ദേവ്
ക്വാർട്ടറിൽ ചുവപ്പുകാർഡ് കണ്ട ഗബ്രിയേൽ ജെസ്യൂസിന് പകരം റോബർട്ടോ ഫിർമിനോ ടീമിലെത്തും. ബ്രസീലും പെറുവും ഏറ്റുമുട്ടുന്ന 50-ാം മത്സരമാണിത്. നേർക്കുനേർ കണക്കിൽ ബ്രസീലിനാണ് വ്യക്തമായ ആധിപത്യം. 35 കളികളിലും ബ്രസീൽ ജയിച്ചു. പെറു ജയിച്ചത് അഞ്ച് കളികളിൽ മാത്രം. ഒൻപത് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.
Post Your Comments