പാലക്കാട്: ഓൺലൈൻ പഠനസഹായത്തിനായി ഫോൺ വിളിച്ച കുട്ടിയോട് കൊല്ലം എം എൽ എ മുകേഷ് തട്ടിക്കയറിയ സംഭവം ഒത്തുതീർപ്പാക്കി സി പി എം. കുട്ടിയുടെ വീട്ടുകാർക്ക് സി പി എമ്മുമായുള്ള ബന്ധം പുറത്തുവന്നതോടെ മുകേഷിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. വീഴ്ച്ചകൾ മറയ്ക്കുവാൻ കോൺഗ്രസ്സിനെ കുറ്റപ്പെടുത്തുകയും, പച്ചക്കള്ളം പറയുകയും ചെയ്യുന്നതാണ് സി പി എമ്മിന്റെ തൊഴിലെന്നു രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചു.
മുകേഷ് ഇന്നലെ പരോക്ഷമായി പറഞ്ഞത് ഇത് കോൺഗ്രസ്സിൻ്റെ ഗൂഡാലോചനയാണെന്നും, വിളിച്ച കുട്ടി ഷാഫി പറമ്പിലിൻ്റെ ബന്ധുവാണെന്നുമായിരുന്നു. എന്നാൽ, ഇന്നാണ് കുട്ടിയുടെ പേരുവിവരങ്ങൾ പുറത്തുവരുന്നത്. കുട്ടി മേയർ ആര്യയെ പോലെ ഒരു ബാലസംഘം പ്രവർത്തകനാണെന്നും അവൻ്റെ അച്ഛൻ എളമരം കരീമിനെ പോലെ ഒരു സി.ഐ.ടിയുക്കാരൻ ആണെന്നുമാണെന്ന് രാഹുൽ പരിഹസിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
പച്ചക്കള്ളം മാത്രം പറയുന്ന സഖാവ് മുകേഷ്.
‘കമ്പിളി പുതപ്പ് ‘ എന്ന് ആ സ്ത്രീ പറഞ്ഞിട്ടും ‘കേൾക്കുന്നില്ല’ എന്ന് കള്ളം പറഞ്ഞ് അഭിനയിക്കുവാൻ പൊതു പ്രവർത്തനം സിനിമയല്ല സഖാവ് മുകേഷേ. ഇന്നലെ ഒരു കൊച്ചു കുട്ടി താങ്കളെ വിളിച്ചപ്പോൾ, അവനോട് തട്ടിക്കയറിയ നിങ്ങളുടെ ഫോൺ സംഭാഷണം പുറത്ത് വന്ന് വിവാദമായപ്പോൾ താങ്കൾ പുറത്ത് വിട്ട ഒരു ന്യായീകരണ വീഡിയോ ഉണ്ടായിരുന്നു. കള്ളങ്ങൾ മാത്രം ബോഗി കണക്കെ അടുക്കി വെച്ച ഒരു തീവണ്ടിയായിരുന്നു അത്. അതിൽ ചിലത് പറയാം.
1) താങ്കളെ വേട്ടയാടുന്നത്രേ. എങ്ങനെയാണ്? ആളുകൾ നിരന്തരം ഫോൺ ചെയ്ത്. ജനങ്ങൾ തങ്ങളുടെ ആവശ്യങ്ങളുമായി വിളിക്കുന്നതിനെ വേട്ടയാടൽ എന്ന് വിളിക്കുന്ന താങ്കൾ എങ്ങനെ ഒരു പൊതു പ്രവർത്തകനാകും?
2) 45 മിനുട്ട് കൊണ്ട് ഫോണിൻ്റെ ചാർജ്ജ് തീരുമത്രേ. അതേതു ഫോണായാലും കംപ്ലെയിൻ്റാണ്. ഒന്നുങ്കിൽ താങ്കൾ ആ ഫോൺ മാറുക, അല്ലെങ്കിൽ താങ്കൾ പറഞ്ഞാൽ ഒരു ദിവസം എത്ര കോൾ വന്നാലും ചാർജ്ജ് തീർന്നു ഓഫാകാത്ത ഫോൺ യൂത്ത് കോൺഗ്രസ്സ് വാങ്ങി നല്കാം.
3) ‘ഞാൻ ഒരു മീറ്റിംഗിലാണ് തിരിച്ച് വിളിക്കാം’ എന്ന് താങ്കൾ സൗമ്യമായി പറയുകയായിരുന്നത്രെ. ആ കോൾ കേട്ടവർക്കത്രയും താങ്കൾ ആ കുട്ടിയെ വിരട്ടിയത് മനസിലാകും.
4) അച്ഛൻ്റെ മൂത്ത ചേട്ടൻ്റെ പ്രായമുള്ളതു കൊണ്ടാണ് അങ്ങനെ പറഞ്ഞതത്രെ. ഏതു തരം ചേട്ടനായാലും കരണക്കുറ്റിക്ക് അടിക്കുന്നത് ക്രിമിനൽ ഒഫൻസാണ്.
5) ചൂരലിനടിക്കുന്നത് ആലങ്കാരികമായി പറഞ്ഞതാണത്രെ. ചൂരലിനടിക്കുന്നതതൊന്നും അലങ്കാരമായി കൊണ്ട് നടക്കാതെ സാറെ.
6) താങ്കൾ ചൂരലിനടി കൊണ്ടത് കൊണ്ടാണ് ഇതു പോലെ ആയതത്രെ. അപ്പോൾ തന്നെ മനസിലായില്ലെ അതു കൊണ്ട് ഒരു കാര്യവുമില്ലെന്ന് .
7) കുട്ടികളോട് മാന്യമായി പെരുമാറുന്ന ആളാണ് എന്നതിൻ്റെ തെളിവാണത്രെ ഒരു ചാനൽ റിയാലിറ്റി ഷോയിലെ പ്രകടനം. പണം വാങ്ങി റിയാലിറ്റി ഷോയിൽ അഭിനയിക്കുന്നതിൽ നിന്നാണ് താങ്കളുടെ സ്വഭാവം മനസിലാക്കണ്ടതെങ്കിൽ, കള്ളനായും കൊലപാതകിയായും അഴിമതിക്കാരനായുമൊക്കെ താങ്കൾ അഭിനയിച്ചതും ശരിക്കുള്ള സ്വഭാവമാണോ?
ഇനി ഏറ്റവും പ്രധാനം, മുകേഷ് ഇന്നലെ പരോക്ഷമായി പറഞ്ഞതും, മറ്റ് സഖാക്കൾ പ്രത്യക്ഷമായി പറഞ്ഞതും ഇത് കോൺഗ്രസ്സിൻ്റെ ഗൂഡാലോചനയാണെന്നും, വിളിച്ച കുട്ടി ഷാഫി പറമ്പിലിൻ്റെ ബന്ധുവാണെന്നും, അവൻ്റെ പേര് ബാസിത് എന്നാണെന്നുമാണ്. എന്നാൽ ഇന്ന് ആ കുട്ടിയുടെ വിവരം മാധ്യമങ്ങൾ പുറത്ത് വിടുമ്പോൾ അറിയുന്നത്, അവൻ മേയർ ആര്യയെ പോലെ ഒരു ബാലസംഘം പ്രവർത്തകനാണെന്നും അവൻ്റെ അച്ഛൻ എളമരം കരീമിനെ പോലെ ഒരു CITU ക്കാരൻ ആണെന്നുമാണ്. ഇതാണ് CPIM ! വിജയൻ തൊട്ട് എല്ലാ സഖാക്കളുടെയും പൊതു രീതി ഇതാണ്. അവരുടെ വീഴ്ച്ചകൾ മറയ്ക്കുവാൻ കോൺഗ്രസ്സിനെ കുറ്റപ്പെടുത്തുകയും, പച്ചക്കള്ളം പറയുകയും ചെയ്യും. അത് ഏറ്റു പിടിക്കുവാൻ ചില ന്യായീകരണ അടിമകളും. എന്തായാലും ആ പയ്യനെ CPIM ഓഫീസിലേക്ക് മാറ്റി. ഇനി അറിയണ്ടത്, കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടന്നപ്പോൾ ബാലൻ്റെ പേരക്കുട്ടികളുടെ അവകാശത്തെ പറ്റി വ്യാകുലപ്പെട്ട ബാലവകാശ കമ്മീഷൻ, സഖാവ് മുകേഷിൻ്റെ മാനസിക പീഡനത്തിനിരയായ കുട്ടിയെ ചേർത്ത് നിർത്തുമോ?
Post Your Comments