മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും വീണ്ടും കൈക്കോര്‍ക്കുമ്പോള്‍ വലിയ മാറ്റങ്ങള്‍ കേന്ദ്രത്തിലുണ്ടാകുമെന്നു സൂചന.
ശിവസേനയും, ബിജെപിയും തമ്മില്‍ തുടര്‍ന്ന് വരുന്ന ചര്‍ച്ചകള്‍ മഹാരാഷ്ട്രയില്‍ വീണ്ടും ചേരിമാറ്റത്തിന് വഴിവയ്ക്കുമെന്നാണ് സൂചന. ചര്‍ച്ചകളുടെ ഫലത്തിന് കാത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിസഭാ വികസനം വൈകിക്കുന്നതെന്നാണ് ഡല്‍ഹിയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ട്. ഉദ്ധവ് താക്കറെയുടെ മുഖ്യഎതിരാളിയായ ദേവേന്ദ്ര ഫഡ്നാവിസിനെ കേന്ദ്രമന്ത്രിയായി നിയോഗിക്കുകയും ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തുടരുകയുമാണ് പുതിയ ചര്‍ച്ചകളിലെ ഫോര്മുലയെന്നുമാണ് പുതിയ സൂചന.
അതേസമയം, ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി മടക്കിക്കൊണ്ടുവരാത്ത ഒരുഫോര്‍മുലയും അംഗീകരിക്കില്ലെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ പറയുന്നത്. 2019 ലെ തിരഞ്ഞെടുപ്പില്‍ ശിവസേനയേക്കാള്‍ ഇരട്ടി സീറ്റുകളാണ് ബിജെപി നേടിയതെന്നും അതുകൊണ്ട് ഇത്തരത്തില്‍ ഒരു അനുരഞ്ജന സാധ്യത ഇല്ലെന്നുമാണ് വാദം. ഫഡ്നാവിസും താന്‍ ഡല്‍ഹിയിലേക്ക് മാറുമെന്ന വാര്‍ത്ത നിഷേധിച്ച് രംഗത്ത് എത്തി.
അധികാരം പങ്കിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിരിയും മുമ്പ് 25 വര്‍ഷം സഖ്യകക്ഷികളായിരുന്നു ബിജെപിയും ശിവസേനയും. ജൂണ്‍ 8 ന് ഒരു യോഗത്തിന് ശേഷം മഹാരാഷ്ട്രയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയും ഉദ്ധവ് താക്കറെയും ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ശിവസേനയും ബിജെപിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായത്.
അതേസമയം, മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡിയുടെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രഖ്യാപനവും രാഷ്ട്രീയ അന്തരീക്ഷം വഷളാക്കിയിരുന്നു.
Post Your Comments