
ന്യൂഡല്‍ഹി : സിഖ് സംഘടനകളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിലെ ഓള് സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയിലെ 13 അംഗ പ്രതിനിധി സംഘമാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ജമ്മു കശ്മീരില്‍ സിഖ് യുവതികളെ നിര്‍ബന്ധിത മപരിവര്ത്തനം നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്തു.
തുടര്‍ന്ന് ജമ്മു കശ്മീരില്‍ സിഖ് സമുദായക്കാര്‍ സുരക്ഷിതരായിരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്കി. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട സംഭവം സര്‍ക്കാര്‍ നിരീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രണ്ട് സിഖ് പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതിനെതിരെയാണ് സംഘടനകള്‍ പ്രതിഷേധം നടത്തിയത്. ജമ്മു കശ്മീരില്‍ സിഖ് പെണ്‍കുട്ടികളെ നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നിരുന്നത്.
കേസില്‍ ആഭ്യന്തര മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിഖ് സംഘടനകള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന് റെഡ്ഡിയെ സന്ദര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശിലേതു പോലെ മതപരിവര്‍ത്തന നിരോധന നിയമം ജമ്മു കശ്മീരിലും കൊണ്ടുവരണം എന്ന ആവശ്യമാണ് ഉന്നയിച്ചത്. സംഭവത്തില്‍ കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം പാലിക്കുന്നതിനെതിരെയും വിമര്‍ശനമുണ്ടായിരുന്നു.
കശ്മീരിലെ സിഖ് സമൂഹം നേരിടുന്ന പ്രശ്നങ്ങളാണ് പ്രതിനിധി സംഘം പ്രധാനമായും അമിത് ഷായ്ക്ക് മുന്പില് ഉന്നയിച്ചത്. ചര്‍ച്ച നടത്തിയതിന് അമിത് ഷായ്ക്ക് സംഘാംഗങ്ങള്‍ ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി. കശ്മീരിലെ സിഖ് സമൂഹത്തിന് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പിന്തുണയ്ക്കും നന്ദി പറഞ്ഞു.
Post Your Comments