കൊല്ലം: പരാതി പറയാൻ വിളിച്ച പത്താം ക്ലാസുകാരനോട് പൊട്ടിത്തെറിച്ച മുകേഷ് എം എൽ എയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ ഫോണിലേക്ക് പരാതി പറയാനായി പാലക്കാട് നിന്നും വിളിച്ച കുട്ടിയോട് വളരെ മോശമായി മുകേഷ് സംസാരിക്കുന്നതിന്റെ ഫോൺ സംഭാഷണം പുറത്ത് വന്നതോടെയാണ് മുകേഷിനെതിരെ രാഹുൽ പരസ്യപ്രതികരണം അറിയിച്ചത്.
മുകേഷിന്റെ തന്നെ സിനിമാ ഡയലോഗ് ആയ ‘അന്തസ്സ് വേണം മിസ്റ്റർ, അന്തസ്സ്’ എന്ന വാക്ക് കടമെടുത്താണ് രാഹുൽ എം എൽ എയെ വിമർശിക്കുന്നത്. പരാതി പറയാൻ വിളിച്ച പത്താം ക്ലാസ്സുകാരനു മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയിൽ താങ്കൾക്കുണ്ടെന്ന് രാഹുൽ മുകേഷിനോട് പറയുന്നു. പാലക്കാട്, ഒറ്റപ്പാലം സ്വദേശിയായ കുട്ടിയാണ് മുകേഷിനെ വിളിച്ചത്.
Also Read:സുരേന്ദ്രനെ തേജോവധം ചെയ്ത് പാര്‍ട്ടിയെ തകര്‍ക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം: കുമ്മനം രാജശേഖരന്‍
‘അവൻ വാങ്ങുന്ന ബുക്കിൻ്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം. ആറ് തവണ വിളിച്ചതിൻ്റെ പേരിലാണോ ആ പതിനാറുകാരൻ്റെ നേർക്ക് നിങ്ങളുടെ ധിക്കാരവും, ധാർഷ്ട്യവും, അഹങ്കാരവും യഥേഷ്ടം വലിച്ചെറിഞ്ഞത്. നിങ്ങളുടെ നമ്പർ അവന് കൊടുത്തതിൻ്റെ പേരിൽ അവൻ്റെ കൂട്ടുകാരൻ്റെ ചെവിക്കുറ്റിക്കടിക്കണം എന്ന് പറയുന്ന നിങ്ങളെ തിരഞ്ഞെടുത്ത കൊല്ലത്തുകാരും നിങ്ങളുടെ നമ്പർ കൊടുത്താൽ ചെവിക്കുറ്റിക്കടിക്ക് വിധേയരാകണോ? സാർ എന്ന് പതിഞ്ഞ ദയനീയതയുടെ ശബ്ദത്തിൽ വിളിച്ച്, ഒരു അത്യാവശ്യ കാര്യം പറയാനാണെന്ന് പല കുറി പറഞ്ഞിട്ടും, നിങ്ങൾ അവനോട് ആക്രോശിക്കുന്നതിനിടയിൽ ഒരു തവണയെങ്കിലും അവനോട് ആ അത്യാവശ്യം എന്താണെന്ന് ചോദിക്കാനുള്ള കരളലിവ് നിങ്ങൾക്കില്ലെ? ഒരുപാട് സാധാരണക്കാരൻ്റെ വിഷമങ്ങൾ കേട്ട്, നാടകങ്ങൾ സൃഷ്ടിച്ച ഒ മാധവൻ്റെ മകന് ഇങ്ങനെ ചെയ്യുവാൻ കഴിയുമോ?’,- രാഹുൽ ഫേസ്‌ബുക്കിൽ എഴുതി.
Post Your Comments