കോഴിക്കോട്: ജില്ലയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനം കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദ ബന്ധം അന്വേഷിച്ച് പോലീസ്. നിലവിൽ ആറ് കേസുകൾ റജിസ്റ്റർ ചെയ്ത സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. സിമ്മിലേക്കുവന്ന കോളുകൾ കണ്ടെത്തിയാൽ മാത്രമേ തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നോയെന്ന് വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മേൽനോട്ടക്കാരനായ കോഴിക്കോട് കൊളത്തറ സ്വദേശി ജുറൈസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കും. ജുറൈസിനൊപ്പമുള്ള ഷബീർ, പ്രസാദ് എന്നിവർ ഒളിവിലാണ്. ഷബീർ, പ്രസാദ് എന്നിവരാണ് മുഖ്യ ആസൂത്രകരെന്നും ജില്ലയിൽ ഏഴിടത്ത് ഇത്തരത്തിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. ആറിടത്തു നിന്ന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റാനുള്ള അനുബന്ധ ഉപകരണങ്ങളും 713 സിമ്മുകളും പിടിച്ചെടുത്തു.
കസബ സ്റ്റേഷനു കീഴിൽ നാലിടത്തും നല്ലളം മെഡിക്കൽ കോളജ് സ്റ്റേഷനുകളുടെ പരിധിയിൽ ഓരോയിടത്തുമാണ് സമാന്തര എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളെ കുറിച്ച് നടക്കുന്ന അന്വേഷണത്തിൻറെ ഭാഗമായാണ് കോഴിക്കോട് നടന്ന പരിശോധന. കൂടുതൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു.
Leave a Comment