കണ്ണൂര്‍: കള്ളക്കടത്ത് സ്വര്‍ണം കവരാന്‍ ടി.പി വധക്കേസ് പ്രതികളും സഹായിച്ചെന്ന് അര്‍ജുന്‍ ആയങ്കിയുടെ മൊഴി. കൊടി സുനി,ഷാഫി തുടങ്ങിയവരുടെ സഹായം ലഭിച്ചുവെന്നും തക്കതായ പ്രതിഫലം ടി.പി പ്രതികള്‍ക്ക് നല്‍കിയെന്നും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ അര്‍ജുന്‍ വെളിപ്പെടുത്തി. കൊടി സുനി, ഷാഫി തുടങ്ങിയവരുടെ സഹായം ലഭിച്ചതായാണ് അര്‍ജുന്റെ മൊഴി.
കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അര്‍ജുന്‍ വ്യക്തമാക്കിയത്. ഇരുവര്‍ക്കും തക്കതായ പ്രതിഫലം നല്‍കി. ഒളിവില്‍ കഴിയാന്‍ കൊടി സുനിയുടേയും ഷാഫിയുടേയും സഹായം ലഭിച്ചെന്നും അര്‍ജുന്‍ പറഞ്ഞു. അതേസമയം, അര്‍ജുന്‍ ആയങ്കിയുമായുള്ള തെളിവെടുപ്പ് തുടങ്ങുകയാണ് കസ്റ്റംസ്. കണ്ണൂരില്‍ എത്തിച്ചാണ് തെളിവെടുപ്പ്. സിപിഎം നിയന്ത്രണത്തിലേക്കുള്ള പാര്‍ട്ടി ഗ്രാമത്തിലേക്ക് പരിശോധന കടക്കുമോ എന്നതാണ് നിര്‍ണ്ണായകം.
അഴീക്കോട്ടെ വീട്ടിലും കാര്‍ ഒളിപ്പിച്ച സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടക്കും. ഈ മാസം 6 വരെയാണ് അര്‍ജുന്‍ ആയങ്കിയെ ചോദ്യം ചെയ്യലിന്നായി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്. സ്വര്‍ണം കൊണ്ടുവന്നത് അര്‍ജുന്‍ മൊഴി നല്‍കിയിരുന്നു. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ ബുദ്ധികേന്ദ്രം അര്‍ജുന്‍ ആയങ്കിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കള്ളകടത്തിനായി അര്‍ജുന്‍ ആയങ്കിക്ക് കീഴില്‍ യുവാക്കളുടെ വന്‍ സംഘം ഉണ്ടായിരുന്നുവെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
ആയങ്കിയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് പറയുന്ന സ്മാര്‍ട്ട് ഫോണ്‍ വീണ്ടെടുക്കുകയാണ് തെളിവെടുപ്പിന്റെ ലക്ഷ്യം. ഇതിലെ വാട്സ്‌ആപ്പ് ചാറ്റുകളും വോയ്‌സ് ക്ലിപ്പുകളും കേസില്‍ കൂടുതല്‍ പേരുടെ ഇടപെടല്‍ തെളിയിക്കുന്നതാകുമെന്ന നിഗമനത്തിലാണ് കസ്റ്റംസിന്റെ നീക്കം. സ്വര്‍ണക്കടത്തിന്റെ പ്രവര്‍ത്തനരീതി പുറത്തു കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
കള്ളക്കടത്തു കേസുകളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്ന മൊഴികള്‍ക്ക്, മജിസ്‌ട്രേട്ടിനു മുന്‍പാകെ നല്‍കുന്ന മൊഴികള്‍ക്കു സമാനമായ നിയമപരിരക്ഷയുണ്ട്. അര്‍ജുനേയും ഷെഫീഖിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ പദ്ധതി.
Post Your Comments