Latest NewsKeralaNews

സര്‍വീസ് പുന:രാരംഭിച്ച് കൊച്ചി മെട്രോ: ആദ്യദിനം ആയിരക്കണക്കിന് യാത്രക്കാര്‍

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വിസ് നിര്‍ത്തിയ കൊച്ചി മെട്രോ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങിയപ്പോള്‍ ആദ്യദിനം മെട്രോയെ ആശ്രയിച്ചത് ആറായിരത്തിലധികം യാത്രക്കാര്‍. കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മെട്രോ സര്‍വീസ് പുന:രാരംഭിച്ചത്.

Also Read: സംസ്ഥാനത്ത് 5 മാസത്തിനിടെ 14,535 അധിക മരണമെന്ന് തദ്ദേശ വകുപ്പ്: കോവിഡ് മരണക്കണക്കിലെ അവ്യക്തത തുടരുന്നു

യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കോണ്‍ടാക്ട്‌ലെസ് ടിക്കറ്റ് സംവിധാനമാണ് നിലവില്‍ മെട്രോ ഉപയോഗിക്കുന്നത്. യാത്രയ്ക്ക് കൊച്ചി മെട്രോ വണ്‍ കാര്‍ഡ്, കൊച്ചി വണ്‍ ആപ്പ് എന്നീ സൗകര്യങ്ങളാണ് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത്. ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ ദിനം തന്നെ യാത്രയ്ക്ക് കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവരുടെ ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. കൂടാതെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കൊച്ചി വണ്‍ ആപ്പിന്റെ ഉപയോഗം യാത്രക്കാര്‍ക്ക് സമ്പര്‍ക്കമില്ലാത്ത യാത്രയ്ക്ക് സൗകര്യമൊരുക്കി.

നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ട്രെയിനിനും സ്‌റ്റേഷനുകള്‍ക്കുമിടയില്‍ പരിശോധന നടത്താന്‍ കൃത്യമായി സ്റ്റാഫിനെ നിയോഗിച്ചിരുന്നു. യാത്രക്കാര്‍ എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ കാരണം മെട്രോ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച സമയത്ത് ഉപയോഗിക്കാത്ത യാത്രകള്‍ കാലഹരണപ്പെട്ടതിനാല്‍ ട്രിപ്പ് പാസ് ഉടമകള്‍ക്ക് റീഫണ്ട് ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് നിലവില്‍ മെട്രോ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലുമാണ് സര്‍വീസ്. യാത്രക്കാര്‍ക്ക് സാനിറ്റൈസറും പ്രധാന സ്‌റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറയും സജ്ജമാക്കി സുരക്ഷ ഉറപ്പാക്കിയാണ് മെട്രോ വീണ്ടും സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. സ്‌റ്റേഷനുകളില്‍ ശരീരതാപനിലയും പരിശോധിക്കും.

വിമാന യാത്രക്കാര്‍ക്ക് തടസരഹിതമായ കണക്റ്റിവിറ്റി നല്‍കുന്നതിനായി ആലുവയില്‍ നിന്നുള്ള എയര്‍പോര്‍ട്ട് ഫീഡര്‍ ബസ് സര്‍വീസുകളും പുന:രാരംഭിച്ചു. ഇത് വിമാന യാത്രക്കാരെ വിമാനത്താവളത്തിലെത്തിക്കാന്‍ സഹായിക്കും. വിമാനത്താവളത്തില്‍ നിന്ന് രാവിലെ 07.50നും ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് രാവിലെ 08.30നുമാണ് ആദ്യ ബസ് സര്‍വീസ് ആരംഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button