മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി ചര്‍ച്ച നടത്തി ശിവസേന. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ശരദ് പവാറിന്റെ വസതിയിലെത്തിയാണ് താക്കറെ ചര്‍ച്ച നടത്തിയത്.
ഉദ്ധവ്-പവാര്‍ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മഹാ വികാസ് അഘാടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ശിവസേന നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സര്‍ക്കാരിനെയും മന്ത്രിമാരെയും കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയാണെന്നും ബംഗാളില്‍ മമത ബാനര്‍ജി സ്വീകരിച്ചതിന് സമാനമായ നിലപാട് മഹാരാഷ്ട്രയില്‍ സ്വീകരിക്കുമെന്നും ശിവസേന അറിയിച്ചു. സാമ്നയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
കോണ്‍ഗ്രസും ശിവസേനയും തമ്മില്‍ അടുത്തിടെയുണ്ടായ അഭിപ്രായഭിന്നതകള്‍ക്ക് പരിഹാരം കാണാനായാണ് താക്കറെ പവാറുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. മഹാ വികാസ് അഘാടി സര്‍ക്കാരിനെ താഴെയിറക്കാമെന്നത് ബിജെപിയുടെ സ്വപ്നം മാത്രമാണെന്നും വ്യാജ ആരോപണങ്ങളെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments