ഇടുക്കി : നെടുങ്കണ്ടത്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പത്തിനിപ്പാറ മാവോലിൽ സന്തോഷ് (47) ആണ് കടക്കെണിയെ തുടർന്ന് മരിച്ചത്. സന്തോഷിനെ വീടിന് സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കടക്കെണി മൂലമാണ് കർഷകനായ സന്തോഷ് ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
വായ്പയുടെ തിരിച്ചടവ് ആവശ്യപ്പെട്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ നിരന്തരം ഭീഷണിപ്പെടുത്തിയതായും ഇതേ തുടർന്ന് സന്തോഷ് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. കോവിഡ് വ്യാപനം മൂലം ഉണ്ടായ ലോക്ക്ഡൗൺ പ്രതിസന്ധിയെ തുടർന്നാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്. സംഭവത്തിൽ കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ഗീത.മക്കൾ: അരുൺ, ആതിര.
Post Your Comments