തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കുകളില്‍ ആശയക്കുഴപ്പം തുടരുന്നു. ഔദ്യോഗികമായ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 13,359 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍, യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും മുകളിലാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരം ജില്ലയില്‍ 2,759 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗികമായ കണക്ക്. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ മാത്രം ജൂണ്‍ 3 വരെ 3,172 പേര്‍ മരിച്ചെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. മറ്റ് ജില്ലകളിലെ സ്ഥിതിയും സമാനമാണ്.
തദ്ദേശ വകുപ്പിന്റെ മരണ രജിസ്‌ട്രേഷന്‍ കണക്കുകള്‍ അനുസരിച്ച് അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് 14,000ത്തിന് മുകളില്‍ അധിക മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 2021 ജനുവരി 1 മുതല്‍ മെയ് 31 വരെ 14,535 പേരാണ് മരിച്ചത്. എല്ലാ വിഭാഗം മരണങ്ങളും ഉള്‍പ്പെടുത്തിയ കണക്കാണിത്. സര്‍ക്കാരിന്റെ കണക്കുകളില്‍ കോവിഡ് ബാധിച്ചു മരിച്ച പലരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുകയും ചികിത്സയ്ക്കിടെ നെഗറ്റീവ് ആകുകയും ചെയ്തവര്‍ പിന്നീട് മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് ബാധിക്കുകയും ഗുരുതരാവസ്ഥയിലാകുകയും ചെയ്ത സംഭവങ്ങളുമുണ്ട്. ഈ കണക്കുകളെല്ലാം കോവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Post Your Comments