തിരൂരങ്ങാടി: സംസ്ഥാനത്ത് കെ.എസ്.ഇ.ബി അധികൃതര്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി. കെട്ടിടത്തില്‍നിന്ന് വൈദ്യുതി ഒഴിവാക്കാന്‍ വെന്നിയൂര്‍ കെ.എസ്.ഇ.ബി അധികൃതർക്കെതിരെയാണ് പരാതി ഉയരുന്നത്. ദേശീയപാത വികസനത്തിന് കെട്ടിടം വിട്ടുനല്‍കിയ ഉടമകളാണ് ഇതുമൂലം പ്രതിസന്ധിയിലാകുന്നത്. കെട്ടിടം ഒഴിഞ്ഞ് വൈദ്യുതി വിച്ഛേദിച്ച രേഖ ദേശീയപാത അതോറിറ്റിക്ക് കൈമാറിയാല്‍ മാത്രമേ ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. വിച്ഛേദിക്കാന്‍ അപേക്ഷ നല്‍കിയവരില്‍നിന്ന് വെന്നിയൂര്‍ കെ.എസ്.ഇ.ബി അധികൃതര്‍ മീറ്റര്‍ ഒന്നിന് 817 രൂപയാണ് ഈടാക്കുന്നത്.
മിസലേനിയസ് വിഭാഗത്തില്‍ 100, അപേക്ഷിക്കുന്നതിന് 10, വര്‍ക്ക് െഡപ്പോസിറ്റ് 547, കൂടാതെ ജി.എസ്.ടിയും സെസും കൂട്ടിയാണ് 817 രൂപ. അധികമായി വര്‍ക്ക് ഡെപ്പോസിറ്റ് എന്ന പേരില്‍ 547 രൂപ ഈടാക്കുന്നതായും പരാതിയുണ്ട്. സമീപ സെക്ഷനുകളായ എടരിക്കോട്, തിരൂരങ്ങാടി, പരപ്പനങ്ങാടി, വള്ളിക്കുന്ന്, തലപ്പാറ സെക്ഷനുകളില്‍ 131 രൂപയാണ് ഈടാക്കുന്നത്.
Read Also: കെ.മുരളീധരനെ യു.ഡി.എഫ് കൺവീനറാക്കണം: രാഹുൽ ഗാന്ധിയുടെ പോസ്റ്റിനു താഴെ കമന്റുകളുടെ പ്രവാഹം
വെള്ളിയാഴ്ച എത്ര തുക ഈടാക്കണമെന്ന വ്യക്തത വരുമെന്നും അമിത തുക ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരികെ നല്‍കുമെന്നും തിരൂരങ്ങാടി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വേലായുധനും അറിയിച്ചു. ഏകീകരിച്ച റെഗുലേറ്ററി കമീഷന് നിരക്കില്‍ പരാമര്‍ശിച്ചതാണ് ഈടാക്കുന്നതെന്നും കെ.എസ്.ഇ.ബി ഹെഡ് ഓഫിസിലേക്ക് തുകയിലെ അനിശ്ചിതത്വം നീക്കിത്തരാന്‍ അപേക്ഷ അയച്ചിട്ടുണ്ടെന്നും അതില്‍ വ്യക്തത ലഭിച്ചാല്‍ കൂടുതല്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചുനല്‍കുമെന്നും വെന്നിയൂര്‍ സെക്ഷന്‍ എ.ഇ സനൂജ് പറഞ്ഞു.
Post Your Comments