കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഹവാല ഇടപാടുകള്‍ അന്വേഷിക്കാനൊരുങ്ങി കസ്റ്റംസ്. ആകാശ് തില്ലങ്കേരിയുമായുള്ള അര്‍ജുന്‍റെ ബന്ധവും അന്വേഷിക്കും. കേസില്‍ അര്‍ജുന്‍ ആയങ്കിയെയും മുഹമ്മദ് ഷെഫീഖിനെയും കസ്റ്റംസ് ചോദ്യംചെയ്യുന്നത് ഇന്നും തുടരും. അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് മൂന്ന് ദിവസം ചോദ്യംചെയ്തെങ്കിലും സ്വര്‍ണക്കടത്തിലെ പങ്കാളിത്തം സമ്മതിച്ചിട്ടില്ല.
അര്‍ജുന്‍ അന്വേഷണത്തോട് സഹകരിക്കാത്തതാണ് കസ്റ്റംസിന് തലവേദന ആകുന്നത്. അര്‍ജുനെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനൊപ്പം ഹവാല ഇടപാടുകളിലെ പങ്കാളിത്തവും കസ്റ്റംസ് അന്വേഷിക്കും. ആകാശ് തില്ലങ്കേരിയുമായി ചേര്‍ന്ന് അര്‍ജുന്‍ ഹവാല ഇടപാടുകള്‍ നടത്താറുണ്ടെന്ന സംശയം കസ്റ്റംസിനുണ്ട്. അര്‍ജുന് വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നത് എന്ന മൊഴി ആണ് മുഹമ്മദ് ഷെഫീഖ് ആവര്‍ത്തിക്കുന്നത്.
എന്നാല്‍ ആദ്യമായാണ് സ്വര്‍ണം കടത്തിയത് എന്ന ഷെഫീഖിന്റെ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇയാള്‍ ഇതിന് മുന്‍പും ക്യാരിയര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. അതേസമയം അര്‍ജുന്‍ ആയങ്കിയെയും മുഹമ്മദ് ഷെഫീഖിനെയും ചോദ്യംചെയ്യുന്നത് ഇന്നും തുടരും. ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ച സജേഷിനെ വീണ്ടും ചോദ്യംചെയ്യുന്ന കാര്യത്തില്‍ കസ്റ്റംസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഷെഫീഖിന്റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ചയും അര്‍ജുന്‍റേത് ചൊവ്വാഴ്ചയും തീരും. അര്‍ജുനെ നാല് ദിവസം കൂടി കസ്റ്റഡിയില്‍ ചോദിക്കാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച ആസൂത്രണ കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് പറയും. ജാമ്യഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിച്ച മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തുടരന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതികളെ കണ്ടെത്തുന്നതിനും ഗൂഢാലോചന പുറത്ത് കൊണ്ടു വരുന്നതിനും ജാമ്യാപേക്ഷ തള്ളണമെന്നാണ് പൊലീസ് ആവശ്യം.
Post Your Comments