കൊച്ചി: നടൻ സിദ്ധിഖ് അടക്കമുള്ളവർക്കതിരെ മാനസിക ലൈംഗിക പീഡന പരാതി ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ കേരള ഫാഷൻ ലീഗ് സ്ഥാപകൻ അഭിൽ ദേവ്. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന ആരോപിച്ച് രേവതി പുറത്തുവിട്ട ലിസ്റ്റിലെ ആരോപണവിധേയനാണ് അഭിൽ ദേവ്. രേവതിയെ മാനസികമായോ അല്ലാതെയോ എങ്ങനെയാണ് താൻ പീഡിപ്പിച്ചതെന്ന് മനസിലാകുന്നില്ലെന്നും അവർക്ക് 2016ൽ താൻ നടത്തിയ ഷോയിൽ അവസരം നൽകി എന്നത് മാത്രമാണ് താൻ ചെയ്തതെന്നും യുവാവ് റിപ്പോർട്ടർ ടി വിയോട് പ്രതികരിച്ചു.
ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കവേ സഹപാഠിയായ ഒരു പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പകർത്തിയതിന് പുറത്താക്കപ്പെട്ടയാളാണ് രേവതിയെന്നും അഭിൽ പറയുന്നു. രേവതിക്കെതിരെ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ നൽകിയ മാസ് പെട്ടീഷനെ കുറിച്ചും അഭിൽ അഭിമുഖത്തിൽ പറയുന്നു.
അഭിൽ ദേവിന്റെ വാക്കുകൾ:
ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കവേ സഹപാഠിയായ ഒരു പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പകർത്തിയതിനെ തുടർന്ന് ഈ കുട്ടി പുറത്താക്കപ്പെട്ടു. ഞാൻ ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്‌സിറ്റിയില്‍ അന്വേഷിച്ചു. ഈ കുട്ടിയ്‌ക്കെതിരെ നാല് തവണ യൂണിവേഴ്സിറ്റി നോട്ടീസ് നൽകിയിട്ടുണ്ട്. അതിൽ നാലാമത്തെ പരാതിയിന്മേലാണ് ഈ കുട്ടി പുറത്താക്കപ്പെടുന്നത്. പരാതി നൽകിയ ആ പെൺകുട്ടിയുടെ കുടുംബത്തെയും ഞാൻ വിളിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് എട്ടു മാസത്തോളം മാനസികമായി തളർന്നു പോയ അവസ്ഥയിലായിരുന്നു ആ പെൺകുട്ടി എന്ന് അറിയാനും സാധിച്ചു. ഇത് കൂടാതെ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഒരു മാസ് പെറ്റീഷനുമുണ്ട് രേവതിയുടെ പേരിൽ. യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ഇതിന്റെ ഡോക്യൂമെന്റസ് എന്റെ പക്കൽ ഉണ്ട്.
ഇതിൽ ആരോപിക്കപ്പെട്ട പലരെയും ഞാൻ വിളിച്ച് സംസാരിച്ചു. പലരും പറയുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. ഇതിൽ ഒരു ബാങ്ക് ജീവനക്കാരൻ ഉണ്ട്. കുട്ടി ലോൺ എടുത്തിട്ട് അടക്കാത്തത് മൂലം വിളിക്കുകയുണ്ടായി. അതുകൊണ്ട് അയാൾക്കെതിരെ ആരോപണം ഉന്നയിച്ചു. അയാൾ ഇവർക്കെതിരെ പരാതി നൽകി. എന്നാൽ ഇതുവരെ എഫ്ഐആർ എടുത്തിട്ടില്ല. തന്നെ പീഡിപ്പിച്ചവരെന്ന് പറഞ്ഞ് രേവതി വെളിപ്പെടുത്തിയിരിക്കുന്ന ഒരാളുമായി ആ പോസ്റ്റ് ഇടുന്നതിന് തലേദിവസം അവര്‍ ഫോണില്‍ സംസാരിച്ചു. അയാളോട് മുൻപ് പണം ആവശ്യപെട്ട് വിളിച്ചിരുന്നു.
പലരും ഇത്തരം വിവാദങ്ങളുടെ ഭാഗമാകേണ്ട എന്ന് കരുതിയാണ് ഇതിനെതിരെ പ്രതികരിക്കാത്തത്. എന്നാൽ ഇവർ ഇത്തരം ആരോപണങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇതൊരു തരം പബ്ലിസിറ്റി സ്റ്റണ്ട് ആയി മാത്രമേ കാണാൻ സാധിക്കുകയുള്ളു. മറ്റൊരാൾക്ക് ഇത് സംഭവിക്കരുതെന്ന് കരുതിയാണ് ഇപ്പോൾ പറയുന്നതെന്നും അഭിൽ വ്യക്തമാക്കുന്നു.
Post Your Comments