തിരുവനന്തപുരം: മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ വധഭീഷണി. ഇതിൽ പ്രതികരണവുമായി മകന് അര്ജുന് രാധാകൃഷ്ണന്. കത്തിന്റെ ഉള്ളടക്കം കേട്ടപ്പോള്‍ തന്നെ ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികളില്‍ ആരെങ്കിലും ആയിരിക്കുമെന്ന് തോന്നിയെന്ന് അർജുൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണിക്കത്ത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നാണ് കത്തിന്റെ ഉള്ളടക്കം. എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. ഈ വിഷയത്തിലാണ് ഇപ്പോൾ അർജ്ജുന്റെ പ്രതികരണം.
“ഇത്തരം ഭീഷണി കത്തുകള്‍ ടി പി ചന്ദ്രശേഖരനും അക്കാലത്ത് ലഭിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിനെ പോലെ തന്നെ ഞങ്ങള്‍ക്കും മരണ ഭയമില്ല. ദൈവ നിശ്ചയം എന്തായാലും അത് ആര്‍ക്കും തടയാന്‍ സാധിക്കില്ലല്ലോ”, അര്ജുന് കുറിച്ചു. അച്ഛന് ഇനിയും സത്യസന്ധമായ നിലപാട് സ്വീകരിച്ചുതന്നെ മുന്നോട്ടുപോകുമെന്ന് ഉറപ്പുണ്ടെന്നും അതിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അര്ജുന് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ന് ഉച്ചക്ക് 12 മണിയോടെ അച്ഛന് എന്നെ വിളിച്ചു. തിരുവനന്തപുരം വന്ന് തിരിച്ചു കോട്ടയത്തേക്ക് പോകും മുന്‍പ് പതിവുള്ളതാണ്. നിയമസഭ കമ്മിറ്റിക്ക് വന്ന അച്ഛന് തിരിച്ചു പോകുകയാണ് എന്ന് പറയാന്‍ ആണ് വിളിക്കുന്നത് എന്നാണ് കരുതിയത്.
എന്നാല്‍ ഫോണിലൂടെ എന്നോട് പറഞ്ഞു ‘മോനേ നമുക്ക് ഒരു ഭീഷണി കത്ത് വന്നിട്ടുണ്ട്. പേടിക്കാന്‍ ഒന്നും ഇല്ല. എങ്കിലും നീ ഒന്ന് ശ്രദ്ധിക്കണം. കാരണം കത്തിലെ ഭാഷ മലബാര്‍ സ്റ്റൈലിലാണ്.’ കൂടാതെ കത്തിന്റെ ഉള്ളടക്കം കൂടി അച്ഛന് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് തോന്നി അത് TP കേസ് പ്രതികളില്‍ ആരെങ്കിലും ആയിരിക്കും എന്ന്.
കത്ത് എഴുതിയത് ആരായാലും അവര്‍ ഈ കുറിപ്പ് വായിക്കുമെങ്കില്‍ അവരോടായി എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ. അഞ്ചു പതിറ്റാണ്ടിലേറെയായി അച്ഛന് പൊതുപ്രവര്‍ത്തനരംഗത്ത് നിന്ന് പ്രവര്‍ത്തിക്കുന്നു. അന്നും ഇന്നും എന്നും അച്ഛന് ലഭിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ സത്യസന്ധമായും ആത്മാര്‍ത്ഥതായോടെയും മാത്രമേ കൈകാര്യം ചെയ്തിട്ടുള്ളൂ. അങ്ങനെ ചെയ്തില്ലെങ്കില്‍ തനിക്ക് ആ ചുമതല നല്കിയ പാര്‍ട്ടിയേയും ജനങ്ങളെയും വഞ്ചിക്കുന്നതിനു തുല്യമാണ്.
ഇത്തരം ഭീഷണി കത്തുകള്‍ TP ചന്ദ്രശേഖരനും അക്കാലത്ത് ലഭിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിനെ പോലെ തന്നെ ഞങ്ങള്‍ക്കും മരണ ഭയമില്ല. ദൈവ നിശ്ചയം എന്തായാലും അത് ആര്‍ക്കും തടയാന്‍ സാധിക്കില്ലല്ലോ. ഇനിയും അച്ഛന് morally & legally സത്യസന്ധമായ നിലപാട് സ്വീകരിച്ചു കൊണ്ട് തന്നെ മുന്നോട്ടു പോകും എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനു കുടുംബം എന്ന നിലയില്‍ ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണയും ഉണ്ടാകും.
Post Your Comments