ഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് പ്രതിരിധ വാക്സിനായ കൊവാക്സിന് കോവിഡ് വകഭേദങ്ങളായ ആൽഫയേയും ബീറ്റയേയും നിഷ്ഭ്രമമാക്കാനുള്ള ശേഷിയുണ്ടെന്ന് അമേരിക്കയിലെ ഉന്നത മെഡിക്കൽ ഗവേഷണ ഏജൻസിയുടെ സ്ഥിരീകരണം. യു.എസ് ആരോഗ്യ മനുഷ്യ സേവന വകുപ്പിന്റെ ഭാഗമായ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് ആണ് കൊവാക്സിന്റെ ഫലപ്രാപ്തിയെ കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്ത കൊവാക്സിന് അമേരിക്കൻ മെഡിക്കൽ ഗവേഷണ ഏജൻസിയുടെ ഈ അംഗീകാരം മുതൽക്കൂട്ടാകും.
വാക്സിൻ പ്രയോഗിക്കുമ്പോൾ കോവിഡ് വൈറസിനെ ചെറുക്കുന്നതിനുള്ള ആന്റി ബോഡി എത്രത്തോളം ശരീരത്തിൽ നിർമ്മിക്കുന്നു എന്നത് അനുസരിച്ചാണ് വാക്സിന്റെ ഫലപ്രാപ്തി നിർണയിക്കുന്നത്. പരീക്ഷണത്തിൽ കൊവാക്സിൻ വൈറസിനെതിരെ മികച്ച പ്രതിരോധം തീർക്കുന്നതായും, നിർമ്മിക്കാനുപയോഗിക്കുന്ന പദാർത്ഥങ്ങൾ മൂലമുള്ള പാർശ്വഫലങ്ങൾ കുറവാണെന്നും കണ്ടെത്തി.
കോവിഡ് വൈറസുകളുടെ വകഭേദങ്ങൾക്കെതിരെ 78 ശതമാനത്തോളം ഫലപ്രദമാണ് കൊവാക്സിൻ എന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞു. ഇതോടൊപ്പം കൊവാക്സിൻ സ്വീകരിക്കുന്നവരിൽ വൈറസ് ബാധയുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കേസുകളുടെ എണ്ണം കുറവാണെന്നും കണ്ടെത്തി. ഐ.സി.എം.ആർ, എൻ.ഐ.വി എന്നിവയുമായി സഹകരിച്ച് ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനാണ് കൊവാക്സിൻ.
Post Your Comments