തിരുവനന്തപുരം: മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വന്ന ഭീഷണിക്കത്ത് പുറത്ത്. കത്തില്‍ തുടരെ തിരുവഞ്ചൂരിനെ തെറിവിളിക്കുന്നുണ്ട്. തെറിയില്‍ തുടങ്ങുന്ന കത്തിലെ രണ്ടാമത്തെ വരി എന്റെ ജീവിതം തകര്‍ത്ത മൃഗമേ എന്നാണ്.
സിപിഐഎമ്മുമായി ചേര്‍ന്ന് എന്റെ ജീവിതം നശിപ്പിച്ചു എന്നാണ് കത്തിലെ ഒരു വാചകം. പത്തു ദിവസത്തിനകം നീയും നിന്റെ ഭാര്യയും ഇന്ത്യ വിട്ടില്ലെങ്കില്‍ വെട്ടി നുറുക്കും എന്നും കത്തില്‍ പറയുന്നു. കത്തില്‍ സിപിഐഎമ്മിനെതിരെയും പരാമര്‍ശമുണ്ട്. ‘എന്തായാലും പോകേണ്ടത് അങ്ങോട്ട് തന്നെ, (ജയിലിലേക്ക്) അതെ ഞാന്‍ ഉറപ്പിച്ചു. നിന്നെയും നിന്റെ മകളെയും ഭാര്യയെയും കൊന്നിട്ട് ജയിലില്‍ പോവും’ കത്തില്‍ പറയുന്നു. കത്ത് തുടങ്ങുന്നതു മുതല്‍ അവസാന വരി വരെ തെറിയാണ്. ആഭ്യന്തരമന്ത്രിയായിരിക്കെ തന്റെ കൃത്യനിര്‍വഹണം മൂലം ജയിലിലാക്കപ്പെട്ട ആളായിരിക്കാം കത്തെഴുതിയതെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
‘വളരെ വാശിയും വേദനയുമുള്ള കത്താണിതെന്നാണ് മനസ്സിലായത്. എനിക്കങ്ങനെ നിത്യ ശത്രുക്കളൊന്നുമില്ല. ഞാന്‍ രാഷ്ട്രീയത്തില്‍ എല്ലാവരുമായിട്ടും നല്ല സൗഹൃദത്തിലും നല്ല സംതൃപ്തിയിലും കഴിഞ്ഞു കൂടുന്ന ആളാണ്. ഉത്തരവാദിത്വം കൃത്യതയോടു കൂടി സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യം കണക്കിലെടുത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭയപ്പാടില്ലാതെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആ നടപടികളില്‍ ക്ഷതമേറ്റ ആരെങ്കിലുമായിരിക്കും. അങ്ങനെയെങ്കില്‍ എനിക്കവരോട് സഹതപിക്കുകയേ നിവൃത്തിയുള്ളൂ’- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
സംരക്ഷണം വേണമെന്ന് പറയുന്നില്ല. ജീവല്‍ ഭയത്തോടെ കഴിയുന്നെന്ന സന്ദേശമാണ് അതില്‍ നിന്നും നല്‍കുക. പക്ഷെ ഇതിന്റെ ഉറവിടം കണ്ടെത്തണം. കാരണം ഇതുപോലെ എത്രയോ ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണം. കേരളത്തിലെ ജയിലുകളില്‍ നടത്തുന്ന ഓപ്പറേഷനുകളാണിത്. അതാണ് നമ്മള്‍ കണ്ടു കൊണ്ടേയിരിക്കുന്നത്. എങ്ങനെ ആ ജയിലിലിരുന്ന് ഇതൊക്കെ ഓപ്പറേറ്റ് ചെയ്യാന്‍ പറ്റുന്നതെന്നത് വേറൊരു ചോദ്യമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
തിരുവഞ്ചൂരിന് സംരക്ഷണം നല്‍കണെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായായിരിക്കെ ജയിലിടയ്ക്കപ്പെട്ട ആളാണെന്ന് കത്തില്‍ നിന്ന് വ്യക്തമാണെന്നും ടിപി വധക്കേസിലെ പ്രതികളാണെന്ന് സംശയമുണ്ടെന്നും എന്നാല്‍ ഇത് ഉറപ്പിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും തിരുവഞ്ചൂരിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Post Your Comments