തിരുവനന്തപുരം: ദിവസവും അൽപ്പ സമയം കൃഷിക്കായി മാറ്റിവയ്ക്കുന്നതു മലയാളി ശീലമാക്കണമെന്നു കൃഷി മന്ത്രി പി. പ്രസാദ്. വീട്ടിലായാലും ഓഫിസിലായാലും മണ്ണും കൃഷിയും ജീവിതചര്യയുടെ ഭാഗമാക്കാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കളക്ടറേറ്റിലെ ജീവനക്കാർ ആരംഭിച്ച പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read Also: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി അധികാരത്തിലെത്തും: മമത അഴിമതിയുടെ പര്യായമെന്ന് നദ്ദ
വിഷ രഹിത ഭക്ഷണം എല്ലാവരുടേയും അവകാശമാണ്. ഇത് ഉറപ്പാക്കുന്നതിനാണു പച്ചക്കറി ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി ഇതിന്റെ ഭാഗമാണ്. ആരോഗ്യത്തിന്റെ വിലയെന്തെന്നു നാം തിരിച്ചറിഞ്ഞ സമയമാണ് ഈ കോവിഡ് കാലം. ശരീരം ആരോഗ്യപൂർണമാകുന്നതിന് മായവും വിഷവും കലരാത്ത ഭക്ഷണം വേണം. അതിന് മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ദൃഢമാകണം. ആരോഗ്യത്തിനു വലിയ പ്രാധാന്യം നൽകുന്ന ഒരു സമൂഹം, വിഷം കലർന്ന ഭക്ഷണം ഇനി കഴിക്കില്ല എന്നു ദൃഢപ്രതിജ്ഞയെടുക്കണം. ആവശ്യമായ മുഴുവൻ പച്ചക്കറിയും പൂർണ അളവിൽ ഇവിടെ ഉത്പാദിപ്പിക്കാം എന്നതു പ്രാപ്യമല്ല. കഴിയുന്നത്രയും ഇനങ്ങൾ സ്വന്തമായി ഉണ്ടാക്കാൻ കഴിഞ്ഞാൽ ആരോഗ്യമാകുന്ന സമ്പത്തിന് അതു വലിയ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൈവകൃഷി ആധാരമാക്കിയുള്ള കേരളത്തിന്റെ കാർഷിക മുന്നേറ്റമാണ് രാജ്യത്തെ മറ്റു ഭാഗങ്ങളിലുള്ള കൃഷി രീതിയിൽനിന്നു നമ്മെ വ്യത്യസ്തരാക്കുന്നതെന്നു ചടങ്ങിൽ പങ്കെടുത്ത ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അഭിപ്രായപ്പെട്ടു. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തൈ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. എ.ഡി.എം. ഇ.എം. സഫീർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ജോർജ് അലക്‌സാണ്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ എം.എ. അജിത് കുമാർ, എസ്. സജീവ് കുമാർ, എസ്. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments