ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. തൃണമൂൽ കോൺഗ്രസും മമത ബാനർജിയും അഴിമതിയുടെ പര്യായങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിലെ ബിജെപി പ്രവർത്തക സമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഓൺലൈനിലൂടെയായിരുന്നു അദ്ദേഹം പ്രവർത്തക സമിതിയോട് സംസാരിച്ചത്.
‘2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി അധികാരത്തിൽ എത്തും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ബംഗാളിൽ വലിയ മുന്നേറ്റമുണ്ടാക്കി. ചുരുങ്ങിയ സമയം കൊണ്ട് വലിയൊരു ദൂരമാണ് ബിജെപി പിന്നിട്ടു കഴിഞ്ഞത്. 2014 ൽ വെറും രണ്ട് സീറ്റും 18 ശതമാനം വോട്ടുമാണ് ബംഗാളിൽ ബിജെപി നേടിയത്. 2016 ൽ മൂന്നു സീറ്റും 10.16 ശതമാനം വോട്ടും നേടി. 2019 ൽ 40.25 ശതമാനം വോട്ടും 18 ലോകസഭാ സീറ്റുകളും ബിജെപി നേടിയെന്നും അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് 38.1 ശതമാനമായി ഉയരുകയും 77 സീറ്റുകൾ നേടുകയും ചെയ്തുവെന്നും’ അദ്ദേഹം വിശദമാക്കി.
‘നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ വലിയ അതിക്രമങ്ങളാണ് അഴിച്ചുവിടുന്നത്. ബിജെപി പ്രവർത്തകരുടെ 1,399 വസ്തുവകകൾ നശിപ്പിക്കപ്പെട്ടുവെന്നും 676 കവർച്ചകൾ നടന്നുവെന്നും 108 കുടുംബങ്ങൾക്ക് നേരെ ഭീഷണിയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീകൾക്കു നേരെ വലിയ അതിക്രമങ്ങളുണ്ടായി. ഇക്കാര്യങ്ങളെല്ലാം നടന്നത് ഒരു വനിതാ മുഖ്യമന്ത്രിയുടെ കീഴിലാണെന്ന്’ അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments