തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 8,743 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
സാമൂഹിക അകലം പാലിക്കാത്തതിന് 5,105 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. പിഴയായി 32,68,600 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്. പൊതുസ്ഥലത്ത് പുലര്‍ത്തുന്ന ശ്രദ്ധ മിക്കയാളുകളും സ്വന്തം വീടുകളിലോ ജോലി സ്ഥലത്തോ കാണിക്കുന്നില്ലെന്നും അശ്രദ്ധമായ പെരുമാറ്റ രീതികള്‍ രോഗവ്യാപനം വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ മറ്റെല്ലാവര്‍ക്കും രോഗം പിടിപെടുമെന്ന അവസ്ഥയാണുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിഷ്പ്രയാസം സാധിക്കാവുന്ന കാര്യമല്ലെങ്കിലും വീടുകളിലും തൊഴില്‍ സ്ഥലങ്ങളിലും കൂടുതല്‍ മികച്ച രീതിയില്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് പുറത്തിറങ്ങാന്‍ പാടില്ലെന്നും അത്തരം ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ക്കശ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Post Your Comments