ഭോപ്പാല്‍: സ്വകാര്യ സ്കൂളുകള്‍ അധിക ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പരാതി ബോധിപ്പിക്കാനെത്തിയ രക്ഷിതാക്കളോട് അപമര്യാദയായി പെരുമാറിയ സ്കൂള്‍ വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍. മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രിയായ ഇന്‍ഡെര്‍ സിംഗ് പാര്‍മറാണ് വിവാദത്തിന് തിരികൊളുത്തിയത്. പരാതിയുമായെത്തിയ രക്ഷിതാക്കളോട് മന്ത്രി ‘പോയി ചാവാന്‍’ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്.
ഫീസ് വര്‍ധനയില്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെടാത്തതിനാല്‍ തങ്ങള്‍ ഇനി എന്ത് ചെയ്യുമെന്ന രക്ഷിതാക്കളുടെ ചോദ്യത്തിനുള്ള മന്ത്രിയുടെ മറുപടിയാണ് വിവാദമായത്. കോവിഡ് കാലത്ത് മധ്യപ്രദേശില്‍ സ്വകാര്യ സ്കൂളുകള്‍ അധിക ഫീസ് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശം പോലും അവഗണിച്ചാണ് സ്കൂളുകള്‍ അമിത ഫീസ് ഈടാക്കുന്നതെന്ന് പലക് മഹാസംഘ് അധ്യക്ഷന്‍ കമാല്‍ വിശ്വകര്‍മ്മ പറഞ്ഞു.
കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ പലര്‍ക്കും ജോലി നഷ്ടപ്പെടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന് വിശ്വകര്‍മ്മ ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ രക്ഷിതാക്കള്‍ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളിലേയ്ക്ക് അയച്ചാണ് പ്രശ്നത്തിന് പരിഹാരം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിദ്യഭ്യാസ മന്ത്രി രാജി വെയ്ക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ ആവശ്യപ്പെട്ടു.
Post Your Comments