ശാസ്താംകോട്ട : ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിലമേൽ സ്വദേശിനി വിസ്മയയെ ഭർത്താവ് എസ്. കിരൺകുമാർ പൊതുനിരത്തിലും വീട്ടിലും വച്ച് പല തവണ മർദിച്ചിരുന്നതായി പൊലീസ് കണ്ടെത്തൽ. മുൻപ് കൊല്ലത്ത് നിന്നു പോരുവഴി ശാസ്താംനടയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ, സ്ത്രീധനമായി ലഭിച്ച കാറിന്റെ ചില്ലുകൾ കിരൺ അടിച്ചു തകർത്തിരുന്നു.
അതേ ദിവസം രാത്രിയിൽ യാത്രാമധ്യേ കുണ്ടറ രണ്ടു റോഡ് ഭാഗത്തു വച്ച് വിസ്മയയെ കിരൺ മർദിച്ചു. മർദനമേറ്റ അവശനിലയിലായ വിസ്മയ കാറിന്റെ വേഗത കുറഞ്ഞ സമയത്ത് ഡോർ തുറന്നു പുറത്തേക്ക് ചാടുകയായിരുന്നു. തുടർന്നു ഹോംഗാർഡായി ജോലി ചെയ്യുന്ന സമീപത്തെ ഒരാളുടെ വീട്ടിലേക്ക് ഓടിക്കയറിയാണ് അഭയം തേടിയത്. പ്രകോപനവുമായി കിരണും പിന്നാലെയെത്തി.
ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ കിരണുമായി അന്വേഷണസംഘം ഇതേ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. കിരണിന്റെ വീട്, കാർ, വിസ്മയ പഠിച്ചിരുന്ന പന്തളത്തെ ആയുർവേദ കോളജ് തുടങ്ങിയ ഇടങ്ങളിലും വിസ്മയയ്ക്ക് മർദനമേറ്റെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അതേസമയം ഇതുവരെ ലഭിച്ച മൊഴികൾ അനുസരിച്ച് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ വിസ്മയയെ കണ്ടത് കിരൺ മാത്രമാണ്. പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം ആത്മഹത്യ എന്നാ ണെങ്കിലും സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനത്തിലേക്ക് മെഡിക്കൽ സംഘം എത്തുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു.
Post Your Comments