ന്യൂഡൽഹി: ട്വിറ്ററിനെതിരെ വീണ്ടും കേസ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ട്വിറ്ററിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഐ.ടി – പോക്സോ വകുപ്പുകൾ പ്രകാരം ഡൽഹി പോലീസിന്റെ സൈബർ സെല്ലാണ് ട്വിറ്ററിനെതിരെ കേസെടുത്തിരിക്കുന്നത്.
കേന്ദ്ര സർക്കാരുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ രാജ്യത്ത് നിയമ പരിരക്ഷ നഷ്ടപ്പെട്ട ട്വിറ്ററിനെതിരെ ഫയൽ ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്. ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ട്വിറ്ററിൽ നിരന്തരം പോസ്റ്റു ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷൻ പരാതി നൽകിയിരിക്കുന്നത്. ഇന്ത്യയുടെ തെറ്റായ മാപ്പ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് പോലീസ് ട്വിറ്ററിനെതിരെ കേസെടുത്തിരുന്നു. ജമ്മു കശ്മീരിനെയും ലഡാക്കിനെയും പ്രത്യേക രാജ്യങ്ങളായി കാണിച്ചാണ് ട്വിറ്റർ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നത്.
കേന്ദ്ര സർക്കാർ പുതുതായി നടപ്പിലാക്കിയ ഐ.ടി ചട്ടങ്ങൾ പാലിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നിയമ നടപടികളിൽനിന്നുള്ള പരിരക്ഷ ട്വിറ്ററിന് ഈ മാസം ആദ്യം നഷ്ടപ്പെട്ടിരുന്നു.
Read Also: പ്രതിരോധം ശക്തമാക്കാന്‍ നാലാമത്തെ വാക്‌സിന്‍ വരുന്നു: മൊഡേണയ്ക്ക് അനുമതി നല്‍കി ഡിസിജിഐ
Post Your Comments