![](/wp-content/uploads/2021/06/agees.jpg)
തിരുവനന്തപുരം: കുടുംബസമേതം നടക്കാനിറങ്ങിയ ഏജീസ് ഓഫീസ് ജീവനക്കാരെ ക്രിമിനലുകള്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. തിരുവനന്തപുരം പേട്ടയില്‍ ഞായറാഴ്‌ച രാത്രി ആണ് സംഭവം. അക്രമിസംഘം ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യംചെയ്‌തപ്പോഴാണ് ഏജീസ് ഓഫീസിലെ സീനിയര്‍ അക്കൗണ്ടന്റും ഹരിയാന സ്വദേശിയുമായ രവി യാദവ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജസ്വന്ത് എന്നിവര്‍ക്കു വെട്ടേറ്റത്.
ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. രവി യാദവിന്റെ കൈയ്‌ക്കും വിരലുകള്‍ക്കുമാണ് വെട്ടേറ്റത്. ജസ്വന്തിന്റെ കാലിലാണ് പരിക്ക്. കുഞ്ഞുങ്ങളെ വെട്ടുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് പോലീസെത്തിയാണ് ഇവരെ ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്‌ഥരെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം പോലീസ് സംഭവസ്‌ഥലത്തുനിന്ന് കണ്ടെടുത്തു. തലസ്‌ഥാന നഗരത്തില്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കെതിരെ ആക്രമണമുണ്ടായത് അതീവഗൗരവമേറിയ സംഭവമാണെന്നാണ് പോലീസ് വിലയിരുത്തുന്നത്.
എന്നാല്‍ ആശുപത്രിയില്‍നിന്ന് തിരികെ വീട്ടിലെത്തിയ ശേഷവും അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നാണ് ഉദ്യോഗസ്‌ഥര്‍ പറയുന്നത്. വീടിന് മുന്നിലെത്തി ഭീഷണി മുഴക്കിയ അക്രമിസംഘം ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമാണ് മടങ്ങിയത്. അതേസമയം പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
Post Your Comments