കളമശേരി: ഗുജറാത്തില്‍ ഡി.വൈ.എഫ്.ഐ ഉണ്ടായിരുന്നെങ്കില്‍ വംശഹത്യ നടക്കില്ലെന്ന വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ മമ്മൂട്ടി പറഞ്ഞത് ഓര്‍ത്തെടുത്ത് നടനും എംഎല്‍എയുമായ മുകേഷ്. സ്ത്രീധനത്തിനെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു മുകേഷിന്റെ പ്രതികരണം. കൂടാതെ ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കില്‍ ഗുജറാത്തില്‍ വംശഹത്യ നടക്കില്ലായിരുന്നുവെന്ന് മമ്മൂട്ടി 2002ല്‍ പറഞ്ഞിരുന്നതായി പൊതുമരാമത്ത് മന്ത്രി എപി മുഹമ്മദ് റിയാസും പറഞ്ഞു.
മുകേഷിന്റെ വാക്കുകൾ: ‘പണ്ട് ശ്രീ മമ്മൂട്ടി ഒരുപാട് വിവാദമായ ഒരു പ്രസ്താവന നടത്തി. ഗുജറാത്തില്‍ ഡി.വൈ.എഫ്.ഐയുണ്ടായിരുന്നെങ്കില്‍ ഗോദ്ര സംഭവം നടക്കില്ലെന്ന്. അന്ന് അദ്ദേഹത്തെ കുറെ പേര്‍ തെറിയൊക്കെ വിളിച്ചു. സോഷ്യല്‍മീഡിയ തുടങ്ങുന്ന കാലമായിരുന്നു. പക്ഷെ അത് 100 ശതമാനം സത്യമായിരുന്നു. അതുകൊണ്ടാണ് ചീത്ത വിളിച്ചതും, പ്രതികരിച്ചതും’.
‘സ്ത്രീധനം പോലെയുള്ള സംഭവങ്ങള്‍ പിഴുതെറിയാന്‍ ഡി.വൈ.എഫ്.ഐയ്ക്ക് കഴിയുമെന്നും മുകേഷ് പറഞ്ഞു. സഹോദരി, അല്ലെങ്കില്‍ മകള്‍. അങ്ങനെയൊരു സ്ഥലത്തേക്കാണോ നമ്മള്‍ കെട്ടിച്ച് അയയ്‌ക്കേണ്ടത്, പറഞ്ഞു വിടേണ്ടത്? ആ വീട്ടില്‍ എല്ലാം സഹിച്ച് അങ്ങനെയൊരു ജീവിതമാണോ അവള്‍ നയിക്കേണ്ടത്. അത് നമ്മള്‍ വളരെ ഗൗരവത്തോടെ ചിന്തിച്ച് അതിനെതിരെ ആഞ്ഞടിക്കണം.’- മുകേഷ് വ്യക്തമാക്കി.
മുഹമ്മദ് റിയാസിന്റെ വാക്കുകള്‍: ‘ഞാനോര്‍ക്കുന്നത്, ഗുജറാത്ത് വംശഹത്യക്ക് ശേഷം നടന്ന ഡിവൈഎഫ്ഐയുടെ ചെന്നൈയില്‍ നടന്ന അഖിലേന്ത്യാ സമ്മേളനമാണ്. അന്ന് ഇവിടെ നിന്നുള്ള പ്രതിനിധിയായി ഞാന്‍ പങ്കെടുത്തിരുന്നു. അന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത് വന്നത് മമ്മൂട്ടിയാണ്. ഗുജറാത്ത് വംശഹത്യയുടെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സമയം. ഞങ്ങള്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ മുന്‍നിരയിലായിരുന്നു. നമ്മള്‍ സിനിമയില്‍ സേതുരാമയ്യരായും വാറുണ്ണിയായും കണ്ട മമ്മൂട്ടി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. മമ്മൂട്ടി ഡിവൈഎഫ്ഐ സമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞ വാക്കുകള്‍ക്ക് കുറ്റ്യാടി സംഭവവുമായി ബന്ധമുണ്ട്. മമ്മൂട്ടിയുടെ വാക്കുകള്‍ക്ക് ചില പ്രസക്തിയുണ്ട്. മമ്മൂട്ടി പറഞ്ഞു, ഗുജറാത്ത്, സംഭവിക്കാന്‍ പാടില്ലാത്ത സംഗതികള്‍ നടന്ന പ്രദേശമാണ്. ഗുജറാത്ത് ഒരു നൊമ്പരമാണ്. പ്രതികരിക്കാന്‍ ആരുമില്ലാതെ പോയി. ഞാന്‍ ആഗ്രഹിച്ചു, ആഗ്രഹിച്ചുപോയി, ഗുജറാത്തില്‍ ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കില്‍ എന്ന്. ഇത് മമ്മൂട്ടി പറഞ്ഞ കാര്യമാണ്’.
Read Also: വ്യാജ വാക്സിന്‍ സ്വീകരിച്ചു: തൃണമൂല്‍ കോണ്‍ഗ്രസ് എം പി ആശുപത്രിയില്‍
ഇനിയൊരു ജീവനും സ്ത്രീധനത്തിന്റെ പേരില്‍ പൊലിഞ്ഞുപോകരുതെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി കൊണ്ട് കഴിഞ്ഞ ദിവസമാണ് പരിപാടി അവതരിപ്പിച്ചത്. നിയമം മൂലം നിരോധിക്കപ്പെട്ടെങ്കിലും ഈ ദുരാചാരം ഇപ്പോഴും പെണ്‍കുട്ടികളുടെ ജീവനെടുത്തു കൊണ്ടിരിക്കുന്നുയെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.
Post Your Comments