കൊല്‍ക്കത്ത: വ്യാജ കോവിഡ് വാക്സിന്‍ സ്വീകരിച്ച തൃണമൂല്‍ എം.പി മിമി ചക്രവര്‍ത്തിയെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വ്യാജ വാക്സിന്‍ ക്യാമ്പില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ മിമി ചക്രവര്‍ത്തിക്ക് കടുത്ത ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. നിലവിൽ എം.പിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജാദവ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് മിമി ചക്രവര്‍ത്തി.
അതേസമയം വ്യാജ വാക്സിന്‍ ക്യാമ്പ് സംഘടിപ്പിച്ച ദേബാഞ്ജന്‍ ദേബ് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന എം.പിയെ സമീപിച്ച ഇയാള്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ക്യാമ്പെന്നായിരുന്നു തെറ്റിദ്ധരിപ്പിച്ചിരുന്നത്.
വാക്സിൻ എടുത്തതായി മൊബൈലിൽ സന്ദേശം ലഭിക്കാതെ വരികയും, വാക്സിനേഷൻ സ്റ്റിഫിക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്തപ്പോൾ സംശയം തോന്നിയ എം.പി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാജ ക്യാമ്പാണെന്ന് പോലീസ് കണ്ടെത്തി. ഉടനടി ക്യാമ്പ് നിര്‍ത്തിവെച്ചെങ്കിലും അതിനോടകം തന്നെ ആയിരക്കണക്കിന് ആളുകള്‍ ഇവിടെ നിന്നും വാക്‌സിന്‍ സ്വീകരിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments