തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷയെ മാറ്റിയതു കൊണ്ട് കേരളത്തില്‍ പെണ്‍കുട്ടികളുടെ ജീവന്‍ സുരക്ഷിതമാവില്ലെന്നും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഓരോ കേസും പരിശോധിച്ചാല്‍ പോലീസിന്‍റെ നിഷ്ക്രിയത്വമോ രാഷ്ട്രീയ സ്വാധീനമോ പ്രകടമാണെന്നും വിമർശനവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും കണ്ണിമ ചിമ്മാതെ കാത്തിരുന്നില്ലെങ്കില്‍ ഏതു കേസും പിണറായിയുടെ പോലീസ് അട്ടിമറിക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷയെ മാറ്റുന്നതിനൊപ്പം സ്ത്രീപീഡനക്കേസുകളില്‍ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
‘കമ്മിഷന്‍ മാറിയാല്‍ മാത്രം കഥ മാറില്ല. വെങ്ങാനൂരില്‍ മരിച്ച അര്‍ച്ചനയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. ആത്മഹത്യയെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും മരണത്തില്‍ ഒട്ടേറെ ദുരൂഹതകളുണ്ടെന്ന് ബോധ്യമായി.. ഒന്ന് ഉറപ്പാണ്.. വനിതാ കമ്മീഷന്‍ അധ്യക്ഷയെ മാറ്റിയതു കൊണ്ട് കേരളത്തില്‍ പെണ്‍കുട്ടികളുടെ ജീവന്‍ സുരക്ഷിതമാവില്ല. മാറ്റേണ്ടത് കേരള പോലീസിന്‍റെ നിലപാടുകളാണ്. പോലീസിന്‍റെ കണ്‍ മുന്നിലൂടെയാണ് അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷ് ആദ്യദിനം കടന്നു കളഞ്ഞത്.
ഇത്ര ഗുരുതരമായ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണമെങ്കിലും ഉന്നത രാഷ്ട്രീയ സ്വാധീനം ഉണ്ടായെന്ന് ഉറപ്പ്. രാഷ്ട്രീയ മേലാളന്‍മാരുടെ ഉത്തരവ് ശിരസ്സാവഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുള്ള നാട്ടില്‍ പെണ്‍കുട്ടികളുടെ ജീവന് എന്ത് സുരക്ഷയാണുള്ളത്? ഒരു കൊച്ചുപെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട സംഭവം ഇത്ര നിസ്സാരമായി കൈകാര്യം ചെയ്ത പോലീസുകാര്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നത് ആഭ്യന്തര വകുപ്പിന്‍റെ പരാജയമാണ് കാണിക്കുന്നത്.
സ്ത്രീധന നിരോധന നിയമം നിലവിലുള്ള നാട്ടിലാണ് ഇത്. മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഓരോ കേസും പരിശോധിച്ചാല്‍ പോലീസിന്‍റെ നിഷ്ക്രിയത്വമോ രാഷ്ട്രീയ സ്വാധീനമോ പ്രകടമാണ്.. വെമ്ബായത്തെ പ്രിയങ്കയുടെ മരണത്തില്‍ ഭര്‍തൃമാതാവിന്‍റെ അറസ്റ്റ് വൈകുന്നതും രാഷ്ട്രീയ സ്വാധീനം മൂലമാണെന്ന് ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. കൊല്ലത്തെ കൃതി കൊലക്കേസില്‍ പ്രതിയായ ഭര്‍ത്താവ് 42 ദിവസം കഴിഞ്ഞപ്പോള്‍ ജാമ്യം നേടി പുറത്തിറങ്ങിയത് കേരള പോലീസിന്‍റെ ഒത്താശയിലാണ്. ഇങ്ങനെ എത്രയോ കേസുകള്‍…
മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും കണ്ണിമ ചിമ്മാതെ കാത്തിരുന്നില്ലെങ്കില്‍ ഏതു കേസും പിണറായിയുടെ പോലീസ് അട്ടിമറിക്കും. നിയമവാഴ്ച ഉറപ്പാക്കേണ്ടവര്‍ കുറ്റവാളികള്‍ക്ക് കൂട്ടുനില്‍ക്കുന്നിടത്ത് പെണ്‍കുട്ടികളുടെ ജീവന് എന്ത് സുരക്ഷയാണുള്ളത്? വനിതാ കമ്മീഷന്‍ അധ്യക്ഷയെ മാറ്റുന്നതിനൊപ്പം സ്ത്രീപീഡനക്കേസുകളില്‍ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറാകണം. മരംമുറി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെയല്ല, പെണ്‍ജീവന് വില കല്‍പ്പിക്കാത്തവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി ഉണ്ടാകേണ്ടത്’.
Post Your Comments