മസ്കത്ത്: സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവ് വന്‍ തുകയുമായി കടന്നതായി പരാതി. ഔട്ട്ഡോര്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ കാടാച്ചിറ ആടൂര് സ്വദേശി ദില്‍ഷാദ് എന്നയാളാണ് കടന്നുകളഞ്ഞതെന്ന് മലയാളിയായ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ഒമാനിലും നാട്ടിലും നല്കിയ പരാതിയില്‍ പറയുന്നു. കണ്ണൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് 2018-21 കാലത്തിനിടയില്‍ 62,000 റിയാല്‍ (ഒരു കോടിയിലേറെ രൂപ) തട്ടിയതായാണ് പരാതിയില്‍ പറയുന്നത്.
സൂപ്പര്‍ മാര്‍ക്കറ്റിലെ ബ്രാന്‍ഡ് ഉല്പന്നങ്ങള് വിപണിയില്‍ വിതരണം ചെയ്യുന്ന സെയില്‍സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ദില്‍ഷാദ്. 2013ലാണ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ആദ്യത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ സെയില്സില് ആയിരുന്ന ഇയാള്‍ 2018 മുതലാണ് ഔട്ട്ഡോര്‍ സെയില്സിലേക്ക് മാറുന്നത്. പലതവണകളായാണ് വലിയ തുക തട്ടിയതെന്ന് പരാതിയില്‍ പറയുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതിനിടെ മറ്റൊരു പാസ്പോര്ട്ടില് ഇയാള്‍ നാട്ടിലേക്ക് കടന്നതായി ആരോപണമുന്നയിക്കുന്നുണ്ട്. സ്ഥാപനയുടമ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടും പരാതി നല്‍കിയിട്ടുണ്ട്. നാട്ടില്‍ നല്കിയ പരാതിയില്‍ മയ്യില്‍ പൊലീസ് വഞ്ചന കുറ്റമുള്‍പ്പെടെ ചുമത്തി അന്വേഷണം ആരംഭിച്ചതായാണ് അറിയുന്നത്. എന്നാൽ ആരോപണങ്ങളെല്ലാം ഇയാൾ നിഷേധിച്ചു. മാധ്യമം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments