പാലക്കാട്: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ സൈബർ പോരാളിയായ അർജ്ജുൻ ആയങ്കിയുടെ അടക്കം പങ്ക് പുറത്തുവന്ന സാഹചര്യത്തിൽ രൂക്ഷ വിമർശനവുമായി പാലക്കാട് എം.എൽ.എ. ഷാഫി പറമ്പിൽ. സി.പി.ഐ.എം എന്നത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മാഫിയ എന്ന് തിരുത്തേണ്ട സാഹചര്യമാണെന്നും സ്വർണ്ണക്കടത്ത് വാർത്തകളുടെ ഓരോ തുമ്പും സി.പി.എമ്മിലാണ് അവസാനിക്കുന്നത് എന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
സി.പി.എമ്മിലെ മുതിർന്നവരുടെ മാഫിയാ തലവൻ കൊടി സുനിയുടെ നേതൃത്വത്തിലാണെങ്കിൽ ഡി.വൈ.എഫ്.ഐക്കും, എസ്.എഫ്.ഐക്കും ആകാശ് തില്ലങ്കേരിയും, അർജുൻ ആയങ്കിയുമാണ് മാഫിയ തലവന്മാരെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി. കുറ്റം ചെയ്യുന്നവർ പിടിക്കപ്പെടുമ്പോൾ പാർട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞൊഴിയാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ പിണറായി വിജയന്റെ വാഴ്ത്തു പാട്ടുകളാണെന്നും ഇവർ റെഡ് വളണ്ടിയർ മാർച്ചിൽ പങ്കെടുത്ത ചിത്രങ്ങൾ വരെ പുറത്ത് വന്നിരിക്കുകയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
നേതാക്കളോടൊപ്പമുള്ളതും, റെഡ് വളണ്ടിയർ മാർച്ചിൽ പങ്കെടുത്തതുമായ ചിത്രങ്ങളിൽ മാത്രമല്ല അവർ ഇടപെട്ട കേസുകളിൽ നിന്നും പാർട്ടിയുമായുളള ബന്ധം വ്യക്തമാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. സിപിഎം മാഫിയ പ്രവർത്തകരെ സംഘടന വൽക്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments