കോഴിക്കോട്: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ നിർണായക കണ്ടെത്തൽ. അപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കിയും സംഘവും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി എന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്താവളത്തിന്റെ ടെര്‍മിനലിന് വെളിയില്‍ അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കാത്തുനില്‍ക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തായത്. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് കണ്ണൂരിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കണ്ണൂരില്‍ നടന്ന സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഒരു വര്‍ഷക്കാലത്ത് റിപ്പോര്‍ട്ട് ചെയ്ത സ്വര്‍ണ്ണക്കടത്തുകളില്‍ അര്‍ജുന്‍ ആയങ്കിയുടെ പങ്കാണ് പ്രധാനമായും പൊലീസ് അന്വേഷിച്ച് വരുന്നത്.
എയര്‍പോര്‍ട്ടിന് പുറത്ത് കാത്ത് നില്‍ക്കുമെന്നായിരുന്നു അര്‍ജുന്‍ ആയങ്കി അറിയിച്ചത്. ധരിച്ചിരിക്കുന്ന ഷര്‍ട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ഷര്‍ട്ട് ഇടണമെന്ന് അര്‍ജുന്‍ ആവശ്യപ്പെട്ടു. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ സ്വര്‍ണം ഷെഫീഖില്‍ നിന്നു വാങ്ങാനായിരുന്നു അര്‍ജുന്റെ പദ്ധതി. എന്നാല്‍ ഇതിനു മുമ്പേ ഷഫീഖ് പിടിയിലാവുകയായിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി മുഖ്യ കണ്ണിയെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ കസ്റ്റംസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സ്വര്‍ണം അര്‍ജുന് കൈമാറുന്നതിന് തനിക്ക് പ്രതിഫലമായി 40000 രൂപയും വിമാനടിക്കറ്റും ലഭിച്ചെന്ന് ഷഫീഖ് മൊഴി നല്‍കി. എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു ബോക്‌സിലാക്കി സലീം എന്നയാളാണ് സ്വര്‍ണം കൈമാറിയത്.
സ്വര്‍ണ്ണ കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി സജേഷിന്റേതാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമായി സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ചിരിക്കുന്നത്. നേരത്തെ അർജുന്‍ ആയങ്കിയുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് നേതാക്കള്‍ വിശദീകരിച്ചിരുന്നു.
Post Your Comments