കവരത്തി: ഐഷ സുല്‍ത്താനയെ കുരുക്കാന്‍ ലക്ഷദ്വീപ് പൊലീസിനെ പ്രേരിപ്പിച്ചത് ബീഫ് ബിരിയാണി പരാമര്‍ശമെന്ന് ആരോപണം. കഴിഞ്ഞദിവസം ചോദ്യം ചെയ്യുന്നതിനിടെ പൊലീസിനെ കൊണ്ട് ബീഫ് ബിരിയാണി വാങ്ങിപ്പിച്ചെന്ന് ഐഷ വെളിപ്പെടുത്തിയിരുന്നു. ഇതാണ് ദ്വീപ് പൊലീസിനെ പ്രകോപിപ്പിച്ചതെന്നും അതിന്റെ പ്രതികാരമായാണ് മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ അവര്‍ പിടിച്ച് വച്ചതെന്നും ഐഷ അറിയിച്ചതായാണ് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.
ബീഫ് ബിരിയാണി വാങ്ങിപ്പിച്ചത് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെയും കലക്ടര്‍ അസ്‌കര്‍ അലിയെയും പ്രകോപിപ്പിച്ചെന്നും അവരുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് ഐഷയെ ദ്വീപിന് പുറത്തുപോകാത്ത വിധം പൂട്ടാന്‍ നീക്കം നടത്തുന്നതെന്നും ഇവർ ആരോപിക്കുന്നു. ‘ബീഫ് ബിരിയാണി എനിക്ക് പണ്ടേ ഇഷ്ടമാണ്. ഇവിടെ ബീഫ് കിട്ടുന്ന ഇടവുമാണ്. അതുകൊണ്ടാണ് ബീഫ് ബിരിയാണി ആവശ്യപ്പെട്ടത്. കേരളത്തില്‍ ബീഫും പൊറോട്ടയും പോലെ തന്നെയാണ് എനിക്ക് ബീഫ് ബിരിയാണി.’ എന്ന് ഐഷ പറയുന്നു.
അതേസമയം, ഐഷ സുല്‍ത്താനയെ ഇന്ന് വീണ്ടും കവരത്തി പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തൊട്ടുപിന്നാലെയാണ് ഐഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനിടയിലാണ് തന്റെ ഫോണ്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതെന്ന് ഐഷ പറഞ്ഞു. തനിക്ക് വീട്ടിലേക്ക് വിളിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും അത്യാവശ്യമായുള്ള ഫോണ്‍ നമ്പറുകള്‍ എഴുതി എടുക്കാനുള്ള സാവകാശം പോലും പൊലീസ് നല്‍കിയില്ലെന്നും ഐഷ പറഞ്ഞു.
ഇതിലൂടെ തന്നെ ടോര്‍ച്ചര്‍ ചെയ്യുകയാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും നാളെ കേരളത്തിലേക്ക് വരാനാണ് ശ്രമിക്കുന്നതെന്നും ഐഷ പറഞ്ഞു.ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് ബിജെപിയുടെ പരാതിയില്‍ ഐഷയ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്.
Post Your Comments