ചെന്നൈ: ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള ലൈംഗികാരോപണ വാര്‍ത്തനല്‍കിയ പത്രത്തിന് ബി.ജെ.പി 100 കോടി രൂപയുടെ വക്കീല്‍ നോട്ടീസ് അയച്ചു. തമിഴ് ദിനപത്രമായ ‘ദിനമലറി’നെതിരെയാണ് തമിഴ്നാട് ബി.ജെ.പി സംസ്ഥാന കമ്മിറ്റി നഷ്ടപരിഹാരമാവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്. ജൂണ്‍ 23നാണ് വാർത്ത പ്രസിദ്ധീകരിച്ചത്.
ജൂണ്‍ 19 ന് മഹാബലിപുരത്തെ നക്ഷത്ര ഹോട്ടലില്‍ നടന്ന ബി.ജെ.പി സംസ്ഥാന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ 134 ലൈംഗിക പീഡന പരാതികള്‍ ലഭിച്ചുവെന്നും ഇതന്വേഷിക്കുന്നതിന് പ്രത്യേക സമിതി രൂപവത്ക്കരിക്കേണ്ടിവരുമെന്നും ദേശീയ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാടിന്റെ ചുമതലയും വഹിക്കുന്ന സി.ടി രവി പറഞ്ഞതായാണ് ദിനമലറില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പാര്‍ട്ടിയിലെ നിരവധി നേതാക്കളെ രവി ശാസിച്ചതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read Also: സര്‍വ്വകക്ഷി യോഗത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചു
‘അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ച് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തതിന് പത്രം ക്ഷമാപണം നടത്തുകയും 100 കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും വേണം. അല്ലാത്തപക്ഷം പത്രത്തിനും എഡിറ്റര്‍ കെ. രാമസുബ്ബുവിനുമെതിരെ ക്രിമിനല്‍, സിവില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും’- ബി.ജെ.പി സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കരു നാഗരാജന്‍ അയച്ച നോട്ടീസില്‍ വ്യക്തമാക്കി.
Post Your Comments