Latest NewsKeralaNews

ഒട്ടും ആശ്വാസമോ പിന്തുണയോ തോന്നാത്തത്ര ധാര്‍ഷ്ട്യവും നിര്‍ദ്ദയവുമായ ശബ്ദത്തിലാണ് ജോസഫൈന്‍ സംസാരിക്കുന്നത്: കെ കെ രമ

കുടുംബത്തില്‍ നീതി നിഷേധിക്കപ്പെടുന്ന സ്ത്രീകളില്‍ , തങ്ങളനുഭവിക്കുന്നത് ഒരു അനീതിയാണെന്ന് പോലും തിരിച്ചറിയാനാവാത്തവരുണ്ട്.

ഒരു സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങള്‍ക്ക് മുന്നില്‍ നിസ്സാരമായി ‘അനുഭവിച്ചോ ‘ എന്ന് ശാപം പോലെ പറയുകയും ചെയ്ത എം സി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യയല്ലെന്ന് കെ കെ രമ എംഎല്‍എ. സ്ത്രീ പീഡനങ്ങളെ കുറിച്ച് ജനങ്ങളുടെ പ്രതികരണങ്ങള്‍ തേടിയ ചാനല്‍ പരിപാടിയില്‍ യുവതിയോട് ക്ഷുഭിതയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു ആര്‍എംപി നേതാവ്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

‘ഭര്‍ത്താവ് നിങ്ങളെ ഉപദ്രവിക്കാറുണ്ടോ ?’
‘ഉണ്ട് . ‘ ‘ അമ്മായിയമ്മ ? ‘ ‘ഭര്‍ത്താവും അമ്മായിയമ്മയും ചേര്‍ന്നാണ്…’
‘എന്നിട്ട് നിങ്ങള്‍ എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല’ ‘ഞാന്‍… ആരെയും അറിയിച്ചില്ലായിരുന്നു. ‘ ‘ആ… എന്നാ അനുഭവിച്ചോ ‘

ഗാര്‍ഹിക പീഡനത്തിന്റെ ദുരനുഭവം വിവരിക്കുന്ന ഒരു സ്ത്രീയോട് കേരളത്തിലെ ബഹുമാനപ്പെട്ട വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞ മറുപടിയാണിത്. ഇജങ നേതാവിനെതിരായ പീഡനാരോപണത്തില്‍ പാര്‍ട്ടിക്ക് സമാന്തരമായി പോലീസും കോടതിയുമുണ്ടെന്ന് മുമ്പൊരിക്കല്‍ പറഞ്ഞ നേതാവാണ് ജോസഫൈന്‍. ഇരകളാക്കപ്പെടുന്ന മനുഷ്യര്‍ക്ക് ഒട്ടും ആശ്വാസമോ പിന്തുണയോ തോന്നാത്തത്ര ധാര്‍ഷ്ട്യവും നിര്‍ദ്ദയവുമായ ശബ്ദത്തിലാണ് തുടക്കം മുതല്‍ ജോസഫൈന്‍ സംസാരിക്കുന്നത്. അതിനും പുറമേയാണ് താനിരിക്കുന്ന പദവിയുടെ അന്തസ്സത്ത എന്ത് എന്ന് പോലുമറിയാത്ത ഇത്തരം തീര്‍പ്പുകള്‍. പോലീസും കോടതിയുമടക്കമുള്ള നീതി നിര്‍വ്വഹണ സംവിധാനങ്ങള്‍ ഇവിടെയുള്ളപ്പോള്‍ തന്നെയാണ് വനിതാകമ്മീഷന്‍ രൂപവല്‍ക്കരിച്ചത്.

നിരന്തരമായ അവഹേളനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വിധേയമാക്കപ്പെടുന്ന അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും നീതി ലഭിക്കാന്‍ നമ്മുടെ നീതി നിര്‍വഹണ സംവിധാനങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടെന്ന ബോധ്യത്തില്‍ നിന്നാണ് പട്ടികജാതി/ പട്ടികവര്‍ഗ്ഗ കമ്മീഷനുകളും വനിതാകമ്മീഷനും മനുഷ്യാവകാശ കമ്മീഷനുമടക്കമുള്ള സംവിധാനങ്ങള്‍ നാം രൂപവല്‍ക്കരിച്ചത്. നിയമക്കുരുക്കകളും നീതി നിര്‍വ്വഹണത്തിലെ സാങ്കേതിക സമ്പ്രദായങ്ങളും കോടതി വ്യവഹാരങ്ങള്‍ക്കാവശ്യമായ ഭാരിച്ച സാമ്പത്തിക ബാധ്യതയും ദുര്‍ബല ജനവിഭാഗങ്ങളില്‍ ഭയവും ആത്മവിശ്വാസക്കുറവും സൃഷ്ടിക്കുന്നുണ്ട്. കുടുംബത്തില്‍ നീതി നിഷേധിക്കപ്പെടുന്ന സ്ത്രീകളില്‍ , തങ്ങളനുഭവിക്കുന്നത് ഒരു അനീതിയാണെന്ന് പോലും തിരിച്ചറിയാനാവാത്തവരുണ്ട്. അത്ര ശക്തമാണ് കുടുംബങ്ങള്‍ക്കകത്തെ പുരുഷാധിപത്യ പൊതുബോധം. പരാതിപ്പെടാനും പൊരുതാനുമൊക്കെ ഒരു സാധാരണ സ്ത്രീക്ക് ആരെങ്കിലുമൊക്കെ ഒപ്പമുണ്ട് എന്ന ബോദ്ധ്യവും ആത്മവിശ്വാസവും പകര്‍ന്നു നല്‍കുക എന്നത് വനിതാ കമ്മീഷന്റെ ബാദ്ധ്യതയാണ്.

ഇതിനു വിരുദ്ധമായി ഒരു സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങള്‍ക്ക് മുന്നില്‍ നിസ്സാരമായി ‘അനുഭവിച്ചോ ‘ എന്ന് ശാപം പോലെ പറയുകയും ചെയ്ത ജോസഫൈന്‍ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ല. ശ്രീമതി എം.സി.ജോസഫൈനെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
കെ.കെ രമ.

തനിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ യുവതിയോട് എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താന്‍ ആരോടും പറഞ്ഞില്ലായെന്നായിരുന്നു മറുപടി. പെട്ടെന്ന് ക്ഷുഭിതയായി എങ്കില്‍ അനുഭവിച്ചോളൂ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി മൂവ് ചെയ്യുക. വേണമെങ്കില്‍ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷെ അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.’ എന്നുമായിരുന്നു എംസി ജോസഫൈന്‍ സ്വീകരിച്ച നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button