കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടിയ സംഭവത്തിൽ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തലവൻ കണ്ണൂരിലെ അർജുൻ ആയങ്കിയെ കഴിഞ്ഞ ദിവസം തന്നെ സി.പി.എം പാർട്ടിയിൽ നിന്നും ‘പുറത്താക്കിയിരുന്നു’. സി.പി.എമ്മിന് ക്വട്ടേഷൻ സംഘത്തിലെ വ്യക്തികളുമായി ഒരു ബന്ധമില്ലെന്നും ക്വട്ടേഷനെ ക്വട്ടേഷനായി തന്നെ കാണണമെന്നും അർജുൻ ആയങ്കി പാർട്ടിയിൽ ഇല്ലെന്നും വ്യാഴാഴ്ച രാവിലെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വ്യക്തമാക്കിയിരുന്നു.
മൂന്ന് കൊല്ലത്തിലധികമായി സിപിഎമ്മിന്റെയോ ഡിവൈഎഫ്‌ഐയുടെയോ മെമ്പർഷിപ്പിലോ പ്രവർത്തന മേഖലയിലോ ഇല്ലാത്തയാളാണ് താനെന്ന് അർജുൻ ആയങ്കി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടു കൂടെ പാർട്ടിയെ വെളുപ്പിക്കാൻ കഴിഞ്ഞെന്ന വിശ്വാസത്തിലാണ് എല്ലാവരുമെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു. അർജുൻ ആയങ്കി വിഷയത്തിൽ സഖാക്കൾ തന്നെ രണ്ട് ചേരിയിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. അർജുൻ ആയങ്കിയുടെ നിരപരാധിത്വം തെളിയുമെന്നും സഖാവ് വീണ്ടും വെളിച്ചത്ത് വരണമെന്നും പറയുന്നവരുണ്ട്.
എന്നാൽ, അർജുൻ ആയങ്കിയെ നിഷ്കരുണം തള്ളി പറയാനും പാർട്ടി മടിക്കാത്ത സ്ഥിതിക്ക് സഖാക്കളും അത് തന്നെ ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. അർജുന് പാർട്ടിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി സി.പി.എം കൈ കഴുകിയതോടെ പാർട്ടി തീരുമാനത്തിനെതിരെയും ചിലർ രംഗത്തുണ്ട്. ‘സി.പി.എം പോറ്റി വളർത്തിയ ഭീകരന്മാരെ പിടിച്ചാൽ ഇതുപോലുള്ള തള്ളിപ്പറയൽ സ്ക്രിപ്റ്റുമായി ഓരോ കൂലിയെഴുത്തുകാർ ഇറങ്ങിക്കോളും. ഈ ഉഡായിപ്പൊക്കെ പിണുവിന്റെ അടിമകളുടെ അടുത്തേ ചെലവാകൂ’ ഒരാൾ കമന്റ് ചെയ്യുന്നു.
‘ജീവിതത്തിൽ ഇതുവരെ ഒരു കൂലിപ്പണിക്ക് പോലും പോവാത്ത നിനക്ക് ഈ ചുരുങ്ങിയ കാലം കൊണ്ട് ലക്ഷങ്ങൾ വിലവരുന്ന കാറും ,ഐ ഫോണും , ആഡംബര ജീവിതവും ഒക്കെ എങ്ങനെയുണ്ടായി? നേരത്തിന് ചോറ് തിന്നുന്നവർക്ക് കാര്യങ്ങൾ എല്ലാം മനസിലാകും. നീ എന്തൊക്കെ പോസ്റ്റിട്ട് മെഴുകിയാലും നിനക്ക് ഫേസ്ബുക്കിൽ ഈ കാണുന്ന ഫാൻ ബേസ് എല്ലാം ഉണ്ടായത് പാർട്ടിയിലൂടെയാണ്, അത് മറക്കണ്ട’, അർജുൻ ആയങ്കിയുടെ വാർത്തയിൽ രോഷം കൊണ്ട ചില സഖാക്കളുടെ മറുപടി ഇങ്ങനെയാണ്.
Post Your Comments