കോട്ടയം: കാറപകടങ്ങൾ ഉണ്ടാവുമ്പോൾ വാഹനത്തിൽ നിന്ന് മയക്കുമരുന്നും ആയുധങ്ങളും പിടികൂടുന്ന സംഭവം പതിവായിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അതിരമ്പുഴയില്‍ ആണ് സംഭവം. കഴിഞ്ഞ രാത്രി 8 45 ന് ആണ് കാര്‍ അപകടത്തില്‍ പെട്ടത്. നീണ്ടൂരില്‍ നിന്നും ഏറ്റുമാനൂരിലേക്ക് വന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ വന്ന കാര്‍ സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
സംഭവം നടന്ന ഉടന്‍ തന്നെ കാറിലുണ്ടായിരുന്ന നാല് യാത്രക്കാരും ഓടിരക്ഷപ്പെട്ടു. അപകടം കണ്ടതോടെ ഓടിയെത്തിയ നാട്ടുകാരാണ് നാലുപേര്‍ സമീപത്തെ റബര്‍ തോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടത് കണ്ടത്. തുടര്‍ന്ന് കാറിന് സമീപം എത്തിയപ്പോള്‍ ഒരാള്‍ കാറിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ കുടുങ്ങിക്കിടക്കുന്നത് കണ്ടു. യാത്രക്കാര്‍ ഓടിരക്ഷപ്പെട്ടതുകൊണ്ടുതന്നെ കാറിലുണ്ടായിരുന്ന ആളെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.
തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ പ്രേംകുമാര്‍ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കാറില്‍ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് ഉണ്ടെന്ന് കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ പോലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments