തിരുവനന്തപുരം: ചാനൽ ചർച്ചയിൽ ഗാർഹിക പീഡന പരാതി പറഞ്ഞ യുവതിയെ അപമാനിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജോസഫൈന്റെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ജോസഫൈനെതിരെ രംഗത്ത് വന്ന സി പി എമ്മിന്റെ സൈബർ പടയാളി പോരാളി ഷാജിക്കെതിരെ പരിഹാസ കമന്റുകൾ. തമ്പുരാട്ടി ഭരണമൊക്കെ അങ്ങ് വീട്ടിൽ വെച്ചാൽ മതി, ഇത് നട്ടെല്ലുള്ളവൻ ഭരിക്കുന്ന നാടാണെന്ന് മറക്കേണ്ടെന്നായിരുന്നു പോരാളി ഷാജി ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതിനു കീഴേയും പരിഹാര കമന്റുകളാണ് നിറയുന്നത്.
‘രണ്ടാം വരവിലും ജോസഫൈനെ നിലനിർത്തിയ സഖാവ്. മനുഷ്യപറ്റില്ലാത്തവർക്ക് പാർട്ടി എക്കാലത്തും പ്രത്യേക പരിഗണന നൽകാറുണ്ടെന്ന്’ ഒരാൾ കമന്റ് ചെയ്തു. ‘വനിതാ കമീഷനെ പോലെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവർക്കൊക്കെ രണ്ടാമൂഴം ലഭിച്ചതെങ്ങിനെ എന്ന് സ്വന്തം പാർട്ടിക്കാർ തന്നെ രോഷം കൊള്ളുന്നത് കാണുമ്പോൾ ചിരി വരുന്നു. ക്യാപ്റ്റനോടുള്ള വിധേയത്വം മാത്രമല്ലാതെ മറ്റെന്ത് ചുക്കും ചുണ്ണാമ്പുമാണ് രണ്ടാമൂഴത്തിൽ സർക്കാറിന്റെ കുഞ്ചിക സ്ഥാനങ്ങളിൽ ഇരിക്കാനുള്ള യോഗ്യത?’ എന്നാണു മറ്റൊരു കമന്റ്.
പോരാളി ഷാജിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
വനിതാ കമ്മീഷൻ ആണുപോലും…
ഇത്രയും ക്ഷമായില്ലാത്ത, ബ്രൂട്ടലായി സംസാരിക്കുന്ന ഒരു സ്ത്രീയെ വനിതാ കമ്മീഷനായി നിയമിച്ച സർക്കാർ അടിയന്തിരമായി ആ തെറ്റ് തിരുത്തണം. എം സി ജോസഫൈൻ അവരുടെ രാഷ്ട്രീയ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളും ത്യാഗങ്ങളും അനുഭവിച്ചു വളർന്നുവന്നതാണ്. അങ്ങനെയാണ് അവർ പാർട്ടിയുടെ സംസ്ഥാന കമ്മറ്റിയിൽ എത്തിയത്. പക്ഷേ ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്ക് തന്റെ ഒരു വാക്കുകൊണ്ടുപോലും ആശ്വാസം നൽകാൻ കഴിയാത്ത അവർ വനിതാ കമ്മീഷൻ എന്ന മഹത്തായ പദവിയിൽ ഇരിക്കാൻ അർഹതയല്ല എന്നുപറയേണ്ടി വരുന്നതിൽ വിഷമമുണ്ട്. വനിതാ കമ്മീഷനിലേക്ക് പരാതി പറയാൻ വിളിക്കുന്നവരെല്ലാം അതിന്റെ നിയമം വ്യവസ്ഥകൾ അറിയണമെന്നില്ല. പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാഞ്ഞത് ഒരു മഹാ അപരാധമായി പോയി. അതുകൊണ്ട് പീഡനമെല്ലാം നിങ്ങൾ സഹിച്ചോ എന്നുപറയുന്നതിന്റ യുക്തി എന്താണാവോ? ഇത്തരത്തിൽ പെരുമാറുന്ന ഒരു കമ്മീഷന്റെ മുന്നിൽ പരാതിയുമായി പോകുന്നതിനേക്കാൾ നല്ലത് ഭർത്താവിന്റെ തല്ലുകൊണ്ട് ചാകുന്നതാണ്, അല്ലെങ്കിൽ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല.
Post Your Comments