കൊച്ചി: മുതിര്‍ന്ന സി പി ഐ നേതാവ് എം എസ് രാജേന്ദ്രന്‍ അന്തരിച്ചു. ഇദ്ദേഹത്തിന് 91 വയസായിരുന്നു. അവിവാഹിതനായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തായിരുന്നു അന്ത്യം.
പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, വിദ്യാഭ്യാസ സബ്കമ്മിറ്റി അംഗം, കണ്‍ട്രോള്‍ കമ്മിഷന്‍ അംഗം, ജനയുഗം മുഖ്യപത്രാധിപര്‍, നവയുഗം പത്രാധിപര്‍ തുടങ്ങിയ നിലകളില്‍ പ്രവർത്തിച്ചിരുന്നു. സംസ്‌കാരം വൈകിട്ട് മൂന്നു മണിക്ക് പിറവത്തെ വീട്ടുവളപ്പില്‍ നടക്കും.
1931 നവംബർ 13 ന് പിറവത്ത് ശങ്കരപ്പിള്ളയുടെയും അമ്മുക്കുട്ടിയുടെയും രണ്ടാമത്തെ മകനായി പിറവത്താണ് ജനിച്ചത്. സ്കൂൾ പഠനത്തിന് ശേഷം ആലുവ യുസി കോളേജിൽ വിദ്യാർത്ഥിയായിരിക്കേയാണ് കോൺഗ്രസ് പശ്ചാത്തലത്തിൽ നിന്നുവന്ന എം എസ് രാജേന്ദ്രൻ വിദ്യാർത്ഥി ഫെഡറേഷനുമായി പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും ബന്ധപ്പെടുന്നത്.
1956ൽ സോവിയറ്റ്ലാൻഡിന്റെ മലയാളവിഭാഗത്തിൽ ചേർന്ന് ഡൽഹിയിൽ പ്രവർത്തിച്ചു. 76വരെ ഡൽഹിയിൽ തുടർന്ന അദ്ദേഹം പിന്നീട് പ്രോഗ്രസ് പബ്ലിഷേഴ്സിന്റെ ചുമതലയുമായി മോസ്കോവിലെത്തി. അവിടെനിന്ന് 1982ൽ കേരളത്തിലേയ്ക്ക് തിരിച്ചെത്തിയ എം എസ് രാജേന്ദ്രൻ ആ വർഷം ഒക്ടോബറിൽ ജനയുഗം ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായിചുമതലയേറ്റു. നാലുവർഷം ആ ചുമതലയിൽ തുടർന്നിരുന്നു.
Post Your Comments