ന്യൂഡല്‍ഹി: 20,000 കോടി ഡോളറിന്റെ നിക്ഷേപം, പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ തുടങ്ങി രാജ്യത്തെ ഞെട്ടിച്ച് വമ്പന്‍ പ്രഖ്യാപനങ്ങളുമായി റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഗൂഗിളുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന റിലയന്‍സിന്റെ പുതിയ ഫോണ്‍ ജിയോ ഫോണ്‍ നെക്സ്റ്റ് ഗണേശ ചതുര്‍ത്ഥി ദിനമായ സെപ്തംബര്‍ 10 മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്ന് മുകേഷ് അംബാനി അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ 44ാ-മത് എ ജി എമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൂഗിളും ജിയോയും സംയുക്തമായി വികസിപ്പിച്ച ആന്‍ഡ്രോയിഡ് പ്ലാറ്റ് ഫോമിലായിരിക്കും ജിയോ ഫോണ്‍ നെക്സ്റ്റ് പ്രവര്‍ത്തിക്കുക. അത്യാധുനിക ഡിസൈനില്‍ വരുന്ന ഫോണില്‍ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഉണ്ടാകുമെന്ന് അംബാനി പറഞ്ഞു.
കൊവിഡ് കാരണം തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷവും ഓണ്‍ലൈന്‍ ആയി നടത്തിയ എ ജി എമ്മില്‍ പ്രതിസന്ധിയുടെകാലത്തും റെക്കോഡ് വരുമാനമായ 5,40,000 കോടി രൂപ നേടാന്‍ കമ്പനിക്കായതായി ചെയര്‍മാന്‍ അറിയിച്ചു. കണ്‍സ്യൂമര്‍ ബിസിനസില്‍നിന്നുള്ള വരുമാനത്തിലാണ് റിലയന്‍സ് മികച്ച നേട്ടം ഉണ്ടാക്കിയത്.
എണ്ണകയറ്റുമതി സ്ഥാപനമായ സൗദി ആരാംകോയുടെ ചെയര്‍മാന്‍ യാസിര്‍ അല്‍ റുമയ്യാനെ റിലയന്‍സിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു. ജാംനഗറില്‍ 5000 ഏക്കറില്‍ ധീരുബായ് അംബാനി ഗ്രീന്‍ എനര്‍ജി കോപ്ലക്സ് സ്ഥാപിക്കും. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ലക്ഷ്യമെന്നും അംബാനി പറഞ്ഞു.
Post Your Comments