മുംബൈ: കോവിഡ് മൂന്നാം തരംഗത്തിലെങ്കിലും രാജ്യത്ത് മെച്ചപ്പെട്ട ആരോഗ്യ സേവനമുണ്ടാവുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംവിധായകൻ രാം ഗോപാൽ വർമ്മ. ട്വിറ്ററിലൂടെയാണ് സംവിധായകൻ ഇക്കാര്യം ചോദിച്ചത്. ഇന്ത്യയിൽ ലോകത്തിലെ തന്നെ വലിയ പ്രതിമയും, സ്റ്റേഡിയവും എല്ലാമുണ്ട്. പക്ഷെ ചെറിയ രീതിയിലെങ്കിലും മെച്ചപ്പെട്ട ആരോഗ്യ സേവനമില്ലെന്നാണ് രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തത്.
‘മോദി ജി, നമുക്ക് ലോകത്തിലെ തന്നെ വലിയ പ്രതിമയുണ്ട്, വലിയ സ്റ്റേഡിയമുണ്ട്. അതുപോലെ നമുക്ക് വലിയ തെരഞ്ഞെടുപ്പ് റാലികളും ഉണ്ടായിരുന്നു. പിന്നെ ലോകത്തിലെ തന്നെ വലിയ മതപരമായ ആഘോഷങ്ങളും കൂടിച്ചേരലുകളുമുണ്ട്. പക്ഷെ നമുക്ക് ചെറിയ ആരോഗ്യ സേവനങ്ങൾ പോലും രണ്ടാം തരംഗത്തിൽ ഉണ്ടായില്ല. മൂന്നാം തരംഗത്തിലെങ്കിലും മികച്ചൊരു സേവനം ഉണ്ടാകുമോ സർ?’
അതേസമയം, രാജ്യത്ത് കോവിഡ് ഡെൽറ്റ പ്ലസ് വൈറസ് വകഭേദത്തിനെതിരെ ജാഗ്രത ശക്തമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. വൈറസ് കണ്ടെത്തിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണം വേണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് ഡെൽറ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.
Post Your Comments