തിരുവനന്തപുരം: ചരിത്രം പകര്‍ത്തിയ കാമറ ഷട്ടര്‍ അടച്ചു. ഫോട്ടോഗ്രാഫർ ശിവന് (89) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിൽ ആയിരുന്നു അന്ത്യം. ’ഫോട്ടോഗ്രാഫി ഈസ് ആന്‍ ആര്‍ട്ട് ഈഫ് ദി ഫോട്ടോഗ്രാഫര്‍ ഈസ് ആന്‍ ആര്‍ട്ടിസ്റ്റ് ’- ഈ വിശേഷണം ശിവന് എന്ന ശിവശങ്കരന്‍നായര്‍ക്ക് നന്നായി ഇണങ്ങിയിരുന്നു. കാമറാ ഒരു കൗതുക വസ്തുവല്ലെന്നും അതുകൊണ്ട് പല അത്ഭുതങ്ങളും ചെയ്യാന്‍ കഴിയുമെന്നും തെളിയിച്ച പ്രസ് ഫോട്ടോഗ്രാഫറായിരുന്നു ശിവന്. കേരളത്തിന്റെ ആദ്യ പ്രൊഫഷണല്‍ പ്രസ് ഫോട്ടോഗ്രാഫര്‍.1957 ല്‍ ഇ.എം.എസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രം ശിവന്റെ കാമറയിലൂടെയാണ് ലോകം കണ്ടത്.
കേരള സര്‍ക്കാരിന്റെ പി.ആര്.ഡിക്കു വേണ്ടി ഫോട്ടോകള്‍ എടുത്തിരുന്ന ശിവന് കേന്ദ്ര സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്കു വേണ്ടിയും ഫോട്ടോകള്‍ എടുത്തിരുന്നു.തുടര്‍ന്നാണ് തിരുവനന്തപുരത്ത് ശിവന്സ്റ്റുഡിയോ ആരംഭിച്ചത്.രാമുകാര്യാട്ടിന്റെ നിര്‍ബന്ധപ്രകാരമായിരുന്നു ചെമ്മീന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫറായത്. ചെമ്മീന്‍ എന്ന സിനിമയെക്കുറിച്ചോര്ക്കുമ്പോള് പ്രേക്ഷകന്റെ മനസില്‍ തെളിയുന്നത് ശിവന് എടുത്ത സ്റ്റില്‍ ചിത്രങ്ങളാണ്. മലയാള സിനിമയ്ക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത ആളുകളുടെ പട്ടിക എടുക്കുമ്പോള്‍ ശിവന്റെ പേര് അതിലുണ്ടാകുമെന്ന് എം.ടി.എഴുതിയിട്ടുണ്ട്.
മൂന്ന് ആണ് മക്കളും സംഗീത്ശിവന്‍, സന്തോഷ് ശിവന് , സന്‍ജീവ് ശിവന് എന്നിവര്‍ സംവിധായകരായി ശ്രദ്ധേയരായി. മകള്‍ സരിതയുടെ പേരില്‍ സരിത ഫിലിംസ് ശിവന് തുടങ്ങിയിരുന്നു. ശിവന് കുടുംബം വാരിക്കൂട്ടിയ അവാര്‍ഡുകള്‍ക്ക് കൈയ്യും കണക്കുമില്ല.ഫോട്ടോഗ്രാഫര്‍, സംവിധായകന്, സ്റ്റുഡിയോ ഉടമ, സുഹൃത്ത് , ചിത്രകാരന് അങ്ങനെ വിപുലമായ അനുഭവസമ്പത്ത് നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ഗാന്ധിജിയായിരുന്നു മാതൃകാ പുരുഷന്, ആ ജീവിതത്തിലെ മൂല്യങ്ങളും സന്ദേശങ്ങളും എന്നും സ്വന്തം ജീവിത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. എപ്പോഴും തൂവെള്ള വസ്ത്രങ്ങള്‍ മാത്രം ധരിച്ചു. ഇ.എം.എസും ,സി.അച്യുതമേനോനും, കെ.കരുണാകരനും , സി.എച്ച് മുഹമ്മദ് കോയയും,നടന് സത്യനും മുതല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും വരെയുള്ള വിപുലമായ സൗഹൃദങ്ങള്‍ ശിവന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു. അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങള്‍ വരെ ശിവന്റെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments