തിരുവനന്തപുരം: കേരള കോൺഗ്രസിനെ അർധ കേഡർ സംവിധാനത്തിലേക്ക് കൊണ്ടുവരാനൊരുങ്ങി കെ.പി.സി.സി. കോൺഗ്രസിന്റെ ശാപമായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് പുതിയ ഭാരവാഹികളുടെ ആദ്യ ശ്രമമെന്ന നിലയിൽ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചു. യോഗം ബുധനാഴ്ചയായിരുന്നെങ്കിലും അതിന് മുമ്പുതന്നെ പാർട്ടി ഘടനയിൽ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച വിവരം സുധാകരൻ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് സൂചിപ്പിച്ചിരുന്നു. ജംബൊ സമിതികൾ വേണ്ടെന്ന നിലപാടിൽ ആർക്കും വിസമ്മതമില്ലായിരുന്നു.
അതേസമയം പുതിയ നേതൃത്വവുമായി യോജിച്ച് മുന്നോട്ടു പോകാമെന്നായിരുന്നു എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. തങ്ങളോടൊപ്പം നിൽക്കുന്നവരെ സംരക്ഷിക്കേണ്ടത് അത്യാവശ്യമായതിനാൽ സുധാകരൻ-സതീശൻ കൂട്ടുകെട്ടിനോട് നിലവിൽ എതിർക്കാൻ ഗ്രൂപ്പുകൾക്ക് താത്പര്യമില്ല. യോഗത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന നിർദേശങ്ങൾ അവരെ അറിയിച്ച് സമ്മതം വാങ്ങി. ജനറൽ സെക്രട്ടറിമാർ 15 മതിയെന്നതായിരുന്നു പ്രധാന തീരുമാനം. 23 ഭാരവാഹികളടക്കം 51 അംഗ എക്സിക്യുട്ടീവ് സമിതിയെന്ന തീരുമാനത്തിലെത്തി. അടുത്ത നേതൃനിരയായി സെക്രട്ടറിമാരെ വളർത്തിക്കൊണ്ടുവരാനും ധാരണയായി. എക്സിക്യുട്ടീവിലേക്ക് സെക്രട്ടറിമാരെയും വിളിക്കുമെങ്കിലും അവർക്ക് കമ്മിറ്റി അംഗത്വമുണ്ടാകില്ല.
പാർട്ടിയുടെ ആശയാടിത്തറ ബലപ്പെടുത്തുന്നതിനാണ് പാർട്ടി സ്കൂൾ നടപ്പാക്കുന്നത്. ഇതുവഴി പാർട്ടിയംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയാമെന്നാണ് ലക്ഷ്യം. ചാനൽ ചർച്ചകളിൽ വിരുദ്ധ നിലപാടുകൾ ഭാരവാഹികൾതന്നെ എടുക്കാതിരിക്കാനാണ് സി.പി.എം. മാതൃകയിൽ പാർട്ടി ഓഫീസിൽനിന്ന് പ്രതിനിധികളെ അയക്കുന്ന സമ്പ്രദായം തുടങ്ങുന്നത്. താഴെത്തട്ടിൽ പാർട്ടി ദുർബലമാണെന്ന യാഥാർഥ്യം തിരഞ്ഞെടുപ്പ് ബോധ്യപ്പെടുത്തി. ഇതിൽനിന്നാണ് വാർഡ്, ബൂത്ത് കമ്മിറ്റികൾക്ക് താഴെയായി അയൽക്കൂട്ടങ്ങൾ തുടങ്ങാൻ തീരുമാനിച്ചത്. ഒരാൾക്ക് ഒരു പദവിയെന്ന നിർദേശം കഴിവതും നടപ്പാക്കും.
എന്നാൽ പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികൾ ജനപ്രതിനിധികളായതിനാൽ അങ്ങനെയുള്ളവരെ ഭാരവാഹിയാക്കില്ലെന്ന് കടുംപിടിത്തം വേണ്ടെന്ന വി.ഡി. സതീശന്റെ നിർദേശം അംഗീകരിച്ചു. ഡി.സി.സി. പ്രസിഡന്റുമാർ പാർലമെന്ററി രംഗത്ത് പ്രവർത്തിക്കുന്നവരാകില്ല. ബുധനാഴ്ച യോഗം ചേരുന്നതിന് മുമ്പ് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി സുധാകരനും വി.ഡി. സതീശനും കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയ്ക്ക് പോകുംമുമ്പ് എ, ഐ വിഭാഗം നേതാക്കൾ പ്രത്യേകമായി കൂടി പൊതുധാരണ രൂപപ്പെടുത്തിയിരുന്നു.
Post Your Comments