ലക്നൗ : ഉത്തര്‍പ്രദേശില്‍ വമ്പന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സംസ്ഥാനത്തെ അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെയാണ് ശക്തമായ നടപടികള്‍ സ്വീകരിച്ചത്. സമാജ്വാദി പാര്‍ട്ടി നേതാക്കളായ രാമേശ്വര്‍ സിംഗ് യാദവ്, ജോഗേന്ദ്ര സിംഗ് യാദവ് എന്നിവര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. ഇറ്റ ജില്ലയിലെ കെട്ടിടങ്ങളാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്.
രാമേശ്വര്‍ സിംഗ് യാദവ് മുന്‍ എംഎല്‍എയും, ജോഗേന്ദ്ര സിംഗ് യാദവ് മുന്‍ ജില്ലാ കൗണ്‍സില്‍ അദ്ധ്യക്ഷനുമായിരുന്നു. പദവികളില്‍ ഇരിക്കെയാണ് ഇരുവരും അനധികൃതമായി ഭൂമി കയ്യേറിയത്. കയ്യേറിയ ഭൂമിയില്‍ രാമേശ്വര്‍ സിംഗ് ഫാം ഹൗസും, ജോഗേന്ദ്ര സിംഗ് വ്യാപാര സമുച്ചയവുമാണ് നിര്‍മ്മിച്ചിരുന്നത്. ഫാം ഹൗസിലായിരുന്നു കഴിഞ്ഞ 20 വര്‍ഷക്കാലമായി രാമേശ്വര്‍ സിംഗും കുടുംബവും താമസിച്ചിരുന്നത്.
എസ്പി നേതാക്കളുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം നടത്താന്‍ ഇറ്റ ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിക്കുകയായിരുന്നു. അന്വേഷണത്തില്‍ ഇരുവരും അനധികൃതമായി ഭൂമി കയ്യേറിയതായി വ്യക്തമായി. തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
Post Your Comments