കൊല്ലം : നൂറു പവനും കാറും ഒരേക്കർ വസ്തുവും നൽകിയിട്ടും സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞു സർക്കാർ ഉദ്യോസ്ഥനായ കിരൺ ഭാര്യ വിസ്മയയെ പീഡിപ്പിച്ച വാർത്തകൾ പൊതുസമൂഹത്തിൽ വലിയ ചർച്ചയാകുകയാണ്. നിരന്തരമുള്ള പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്തിരുന്നു. സ്വന്തം എന്ന് പറയുന്ന വീട് ഇല്ലാത്തതാണ് പെൺകുട്ടികൾ നേരിടുന്ന പ്രധാന പ്രശ്നമെന്നു സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ സുരേഷ് സി പിള്ള പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം
“പ്രിയപ്പെട്ട മാതാപിതാക്കളെ, തകർന്ന ദാമ്പത്യ ബന്ധങ്ങളിൽ ഉള്ള നിങ്ങളുടെ മകളെ തിരികെ വിളിക്കൂ, ബന്ധം പിരിഞ്ഞ ഒരു മകളാണ് എന്ത് കൊണ്ടും മരിച്ച മകളേക്കാൾ ഭേദം എന്ന് നിങ്ങൾ മനസ്സിലാക്കണം.”
ട്വിറ്ററിൽ നീണ്ട കാലം ഓടിക്കൊണ്ടിരുന്ന ഒരു # (ഹാഷ് ടാഗ്) ആണ്. മുകളിൽ പറഞ്ഞത്.
ഇന്നും ഒരു മകൾ ഒരു കയറിൽ ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്. സ്ത്രീധനം കുറഞ്ഞതിന്റെ പേരിലുള്ള പീഡനം. സ്വന്തം എന്ന് പറയാൻ ഒരു വീടില്ലാത്തതാണ് പല സ്ത്രീകളും നിശ്ശബ്ദരും, നിസ്സഹായരും ആയി കഴിയേണ്ടി വരുന്നത്.
read also: സര്‍വ്വകക്ഷി യോഗത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചു
പെൺകുട്ടികൾ സ്വന്തമായി വരുമാനം ഉണ്ടാക്കിയതിന് ശേഷം കല്യാണം കഴിക്കുക. നന്നായി വിദ്യാഭ്യസം ചെയ്യുക, നല്ല ജോലി നേടുക, എന്നിട്ടു മാത്രം മതി കല്യാണം.
വിവാഹം നിങ്ങളുടെ മാത്രം ഇഷ്ടങ്ങൾക്ക് അനുസരിച്ചു ചെയ്യുക. ഇഷ്ടപ്പെട്ട ആളെ കണ്ടു മുട്ടിയിട്ടു മാത്രം മതി കല്യാണം. ഇനി കല്യാണം കഴിച്ചില്ലെങ്കിലും ഒരു പ്രശ്നവും ഇല്ല. തൻ്റെടത്തോടെ ഒറ്റയ്ക്ക് ജീവിക്കണം.
സ്വന്തം എന്നു പറയാവുന്ന ഒരു വീട് ഉണ്ടാക്കാൻ പ്രാപ്തി ആയതിനു ശേഷം മാത്രം വിവാഹം കഴിക്കുക. കല്യാണം കഴിച്ചാൽ വീട് സ്വന്തം പേരിൽ കൂടി നിയമപരമായി രെജിസ്റ്റർ ചെയ്യുക. ‘ഇറങ്ങാടീ’ എൻ്റെ വീട്ടിൽ നിന്ന് എന്ന് പറഞ്ഞാൽ, ഇത് എൻ്റെ യും കൂടി വീടാണ് എന്ന് പറയാനുള്ള സ്വാതന്ത്ര്യം വേണം. ATM കാർഡ് സ്വന്തമായി ഉപയോഗിക്കണം. ഉപദ്രവിക്കുകയോ, അപമാനിക്കുകയോ ചെയ്താൽ അപ്പോൾ അവിടെ നിന്നും ഇറങ്ങണം.
മാതാപിതാക്കൾ സഹായിക്കാൻ പ്രാപ്തി ഉള്ളവർ ആണെങ്കിൽ അവരോട് വീട് വാങ്ങാൻ ആയി ഒരു സഹായം / ലോൺ ചോദിക്കാം .
വീട് വാങ്ങുമ്പോൾ, അല്ലെങ്കിൽ വസ്തു വാങ്ങുമ്പോൾ ഉടമസ്ഥാവകാശം രണ്ടു പേരുടെയും കൂടെ പേരിൽ രെജിസ്റ്റർ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ATM കാർഡ് കയ്യിൽ സൂക്ഷിക്കുക. നിങ്ങളുടെ ATM കാർഡിന്റെ ഉടമ നിങ്ങളാണ്. അതായത് ഒരു ജീൻസ് വാങ്ങാനോ, ഇഷ്ടപ്പെട്ട ഫുഡ് ഒറ്റയ്ക്ക് കഴിക്കാനോ ഒന്നും പരസ്പരം അനുവാദം ചോദിക്കേണ്ട കാര്യമില്ല.
വലിയ ചിലവുകൾ വരുമ്പോൾ മാത്രം പരസ്പരം ചർച്ച ചെയ്തു, കൂട്ടായ തീരുമാനം എടുക്കാം. അതൊക്കെ സാമ്പത്തിക സ്വാതന്ത്രത്തിന്റെ പരിധിയിൽ വരണം.
മാതാപിതാക്കളോട്, മകൾക്ക് വിവാഹ സമ്മാനം കൊടുക്കുന്നെങ്കിൽ അത് അവൾക്ക് അവന്റെ കൂടെ, അവളുടേതും കൂടെ എന്ന് അവകാശം പറയാവുന്ന ഒരു വീട് വാങ്ങാനുള്ള സഹായം ആയിരിക്കണം. സ്വർണ്ണം ഒക്കെ കൊടുത്തു എന്നാൽ, സിനിമയിലേതു പോലെ അമ്മായി അച്ഛന്റെ അലമാരയിൽ ആയിരിക്കും. സ്വാതന്ത്ര്യം എന്നാൽ സ്വന്തം എന്ന് അവകാശപ്പെടാനുള്ള ഒരു മേൽക്കൂര ഉള്ളതാണ്.
മാതാപിതാക്കൾക്ക് ഒരു മകളോട് ചെയ്യാവുന്ന ഏറ്റവും വലിയ കടമകൾ മകളെ വിദ്യഭ്യസം ചെയ്ത് സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തയാക്കുക. നിർബന്ധിച്ചു കല്യാണം കഴിപ്പിക്കാതെ ഇരിക്കുക. വിവാഹം അവളുടെ ഇഷ്ടങ്ങൾക്ക് വിടുക. കഴിവതും ഭർതൃ വീട്ടിൽ സ്ഥിരമായി താമസിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. നീ ‘അവിടെ അഡ്ജസ്റ്റ് ചെയ്തു ജീവിക്കണം’ എന്ന് ഒരിക്കലും പറയരുത്. വിവാഹം കഴിഞ്ഞാലും അവൾക്കായി ഒരു മുറി എപ്പോളും ഒഴിച്ചിടുക. “എപ്പോൾ വന്നാലും നിനക്ക് ഈ വീട്ടിൽ താമസിക്കാം, ഇത് നിന്റെ കൂടെ വീടാണ്, നിന്റെ ആ മുറി നിനക്കായി എപ്പോളും കാണും” എന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുക ഇതൊക്കെയാണ്.
ചുരുക്കിപ്പറഞ്ഞാൽ മോൾക്ക് അവളുടേത് എന്ന് പറയാവുന്ന ഒരു വീടില്ലെങ്കിൽ, അവളുടേതും കൂടി എന്ന് പറയാവുന്ന ഒരു വീട് ഉണ്ടാക്കാൻ സഹായിക്കുക.
ഇനി ഒരു ബന്ധം പിരിഞ്ഞാലും വേറൊരു ബന്ധത്തിലേക്ക് കടക്കാൻ അവളെ സഹായിക്കുക.
ഇനിയും താമസിച്ചിട്ടില്ല, തകർന്ന ദാമ്പത്യ ബന്ധങ്ങളിൽ ഉള്ള നിങ്ങളുടെ മകളെ തിരികെ വിളിക്കൂ, സമൂഹം ഒന്നും വിചാരിക്കില്ല, ഇനി വിചാരിച്ചാലും, എനിക്കൊരു പ്രശ്നവും ഇല്ല എന്ന് കരുതുക, കാരണം നിങ്ങളുടെ മകളുടെ ജീവിതം ആണ് വലുത്.
Post Your Comments