കൊച്ചി: സ്വകാര്യ ആശുപത്രികളിലെ മുറികളുടെ നിരക്ക് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ മുറികളുടെ നിരക്ക് ആശുപത്രികള്‍ക്ക് തന്നെ തീരുമാനിക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. കോടതിയെ മറികടന്നുള്ള നടപടിയാണ് ഇതെന്ന് പറഞ്ഞ ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. പിഴവ് തിരുത്താന്‍ ഒരാഴ്ച സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.
ഇതോടെ മുറികളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇനി നടപ്പാക്കാനാവില്ല. കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ കഴുത്തറപ്പന്‍ നിരക്ക് ഈടാക്കിയതോടെയാണ് കോടതി ഇടപെട്ടത്. സര്‍ക്കാര്‍ നിശ്ചയിച്ച ചികിത്സാ നിരക്കിന്റെ പരിധിയില്‍നിന്ന് മുറികളെ ഒഴിവാക്കിയത് ഗൗരവതരമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തു.
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഇല്ലാതാക്കുന്നതാണ് സര്‍ക്കാരിന്റെ പരിഷ്‌കരിച്ച ഉത്തരവെന്ന് ഹൈക്കോടതി പറഞ്ഞു.
Post Your Comments