മതിലകം: കോവിഡ് കാലത്ത് നടന്ന വ്യത്യസ്തമായ ഒരു സമരമായിരുന്നു ഫിറ്റ്നസ് സെന്റർ ഉടമകളും പരിശീലകരും നടത്തിയത്. ‘ആരോഗ്യത്തിന് ഹാനികരമെന്ന് പറയുന്ന മദ്യശാലകള്‍ തുറക്കുകയും ആരോഗ്യം സംരക്ഷിക്കുന്ന ഫിറ്റ്നസ് സെന്ററുകള്‍ ലോക്കിടുകയും ചെയ്യുന്നു’ എന്നായിരുന്നു ആ സമരത്തിൽ നിന്ന് ഉയർന്നു കേട്ട ഒരു വിമർശനം.
സമരത്തിന്റെ മറ്റൊരു പ്രത്യേകത അത് നടന്ന വേദി തന്നെയാണ്. മതിലകം കൂളിമുട്ടം പൊക്കളായിയിലെ ബിവറേജ് ഔട്ട്ലെറ്റിന്റെ മുന്‍ഭാഗത്തായിരുന്നു ഈ സമരം നടന്നത്. വെയിറ്റ് ലിഫ്റ്റിങ് നടത്തിയും, ശരീര സൗന്ദര്യ പ്രദര്‍ശനവും, വ്യായാമ മുറകള്‍ നടത്തിയുമായിരുന്നു സമരം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഫിറ്റ്നസ് സെന്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളും സമരക്കാരുടെ കയ്യിലുണ്ടായിരുന്നു. സമരത്തിൽ കൗതുകമുണ്ടായിരുന്നെങ്കിലും അടച്ചിടലില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഫിറ്റ്നസ് സെന്റര്‍ ഉടമകളുടെയും പരിശീലകരുടെയും സാമ്പത്തികവും മറ്റുമായ വിഷമങ്ങളുടെ പ്രതിഫലനം കൂടിയായിരുന്നു ഈ സമരം.
Post Your Comments